നൂറ് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകര്‍ അതിശയകരമായ ചുവടുവയ്പ് നടത്തി.

ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് കാനഡയിലെ ടെസ്ലയുടെ ബാറ്ററി റിസര്‍ച്ച് ഗ്രൂപ്പ് ഡല്‍ഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഇലോണ്‍മക്സിന് കീഴിലുള്ള ടെസ്ലയുടെ ഈ കണ്ടുപിടുത്തം.

നൂറ് വര്‍ഷം നീണ്ടുനില്‍ക്കുന്ന നിക്കല്‍ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധമാണ് ഗവേഷകര്‍ പുറത്തിറക്കിയത്. അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്ബ്) ഫോസ്ഫേറ്റ് സെല്ലുകള്‍ക്ക് സമാനമായ ചാര്‍ജിങ്ങും ഊര്‍ജ സാന്ദ്രതയും നല്‍കുന്നതുമാണ് പുതിയ ബാറ്ററി ടെക്നോളജി. ടെക് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ വികസിപ്പിച്ചെടുത്ത പുതിയ ബാറ്ററികളുടെ മിശ്രിതത്തില്‍ നിക്കല്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ബാറ്ററിക്ക് ഉയര്‍ന്ന സാന്ദ്രത വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ബാറ്ററി ടെക്നോളജി. ലിഥിയം-അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് ഇവയുടെ തനതായ രാസഘടനയുള്ള ഈ ബാറ്ററികള്‍ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

ബാറ്ററി ചാര്‍ജ് ചെയ്യുമ്‌ബോഴുള്ള താപനില കുറയ്ക്കാനും സാധിക്കുന്നതാണ്. എല്ലായ്പ്പോഴും 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ബാറ്ററി ആയുസ്സ് 100 വര്‍ഷം കവിഞ്ഞേക്കാവുന്ന ഒരു ഉദാഹരണം ഗവേഷണ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. ഇത് ശരിക്കും വിപ്ലവകരമായ മാറ്റമാണ് ഇലക്ട്രോണിക്‌സ് വാഹനനിര്‍മ്മാണ ഊര്‍ജ്ജമേഖലകളില്‍ വരുത്തുവാന്‍പോകുന്നതെന്നാണ് വിലയിരുത്തല്‍