ഗ്രൂപ്പുകള്‍ക്ക് മേല്‍ അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന സവിശേഷതയുമായി വാട്‌സ്ആപ്പ്
ന്യൂയോര്‍ക്ക് : ഗ്രൂപ്പുകള്‍ക്ക് മേല്‍ അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണം വരും വിധമുള്ള പുത്തന്‍ സവിശേഷതയുമായി വാട്‌സ് ആപ്പ്.

കമ്യൂണിറ്റീസ് എന്ന് പേരിട്ടിരിക്കുന്ന ഈ സവിശേഷതയിലൂടെ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പിനുള്ളില്‍ തന്നെ മറ്റൊരു ഗ്രൂപ്പ് കൂടി ഉണ്ടാക്കാന്‍ സാധിക്കും. കമ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി പുതിയ അംഗങ്ങളെ ഇതിലേക്ക് സ്വാഗതം ചെയ്യാനും സാധിക്കും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭ്യമാകും. ഇപ്പോള്‍ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ല.

നിലവില്‍ ഒരു ഗ്രൂപ്പില്‍ 256 പേരെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. കൂടുതല്‍ പേര്‍ക്ക് ഒരു സന്ദേശം അയക്കണമെങ്കില്‍ മറ്റൊരു ഗ്രൂപ്പില്‍ നിന്ന് മാത്രമേ അത് സാധ്യമാകൂ. എന്നാല്‍ പുതിയ സവിശേഷത നിലവില്‍ വരുന്നതോടെ ഒരു ഗ്രൂപ്പില്‍ നിന്ന് തന്നെ ഇത് സാധ്യമാകും.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് വാട്‌സ് ആപ്പ് ചാറ്റ് ബാക്ക് അപ്പ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള പുതിയ രീതി ആവിഷ്‌ക്കരിച്ചിരുന്നു. ഏറെ നാളായി ഉപയോക്താക്കളുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു ഇത്. വാട്‌സ് ആപ്പ് ചാറ്റുകള്‍ ഒരു ഐഫോണില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് സുരക്ഷിതമായി മാറ്റാനും ഇപ്പോള്‍ സാധ്യമാണ്.