കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശനാ രാജേന്ദ്രന്‍ നടി

Advertisement

2022 ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന്‍ മികച്ച നടനും ദര്‍ശനാ രാജേന്ദ്രന്‍ നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് പുരസ്‌കാരം നേടി കൊടുത്തത്. ജയ ജയ ജയ ജയഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളാണ് ദര്‍ശനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. രാരിഷ് ജി കുറുപ്പ് സംവിധാനം ചെയ്ത വേട്ടപ്പട്ടികളും ഓടക്കാരുമാണ് മികച്ച രണ്ടാമത്തെ ചിത്രം.
സിനിമയുടെ സകല മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയ്ക്കുള്ള റൂബി ജൂബിലി പുരസ്‌കാരത്തിന് കമല്‍ഹാസന്‍ അര്‍ഹനായി. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് 50 വര്‍ഷം തികയ്ക്കുന്ന വേളയിലാണ് കമല്‍ഹാസന് പുരസ്‌കാരം നല്‍കുന്നത് .
മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി. കുമാരനാണ് ചലച്ചിത്ര രത്‌നം പുരസ്‌കാരം. സിനിമയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് അംഗീകാരം. നടന്മാരായ വിജയരാഘവന്‍, വിനീത്, മോഹന്‍. ഡി. കുറിച്ചി, നടി ശോഭന, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍ എന്നിവര്‍ക്കായിരിക്കും ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കുക.
82 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിന് എത്തുന്നത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Advertisement