12 വർഷത്തിനു ശേഷം വ്യാഴം മേടരാശിയിൽ ; ഈ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ?


എല്ലാ ഗ്രഹങ്ങളുടെയും അധിപനായ വ്യാഴം ഈ മാസം സംക്രമിക്കാൻ പോകുന്നു. അതായത്, വ്യാഴം മേടരാശിയിൽ പ്രവേശിക്കുകയാണ്. 12 വർഷത്തിന് ശേഷമാണ് ഈ സംക്രമണം നടകുന്നത്. 2023 ഏപ്രിൽ 22-ന് സംഭവിക്കുന്ന ഈ സംക്രമണം പല രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ നല്‍കുന്നു. വ്യാഴം മേടരാശിയിൽ നിൽക്കുന്ന സമയത്ത്, ജാതകത്തിൽ വ്യാഴം ശക്തമായ വ്യക്തിക്ക് ഏറെ ഭാഗ്യം ലഭിക്കും.ഈ ഒരു വർഷക്കാലത്ത് മേടം മുതൽ മീനം വരെയുള്ള രാശികളിൽ ജനിച്ചവർക്കുള്ള ഗുണദോഷാനുഭവങ്ങൾ എന്തെല്ലാമെന്ന് നോക്കാം
മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം).

ഈ നക്ഷത്രക്കാർക്ക് ജന്മവ്യാഴമാണ്.
പൊതുവിൽ ഗുണകരം ആയിരിക്കില്ല. ധനനഷ്ടം, തൊഴിൽ സ്ഥലത്ത് സ്ഥാനനഷ്ടം,ഭൂമി നഷ്ടം, കൃഷി -പക്ഷി -മൃഗാദികൾ എന്നിവയ്‌ക്ക് നാശം, വ്യാപാരങ്ങൾ നഷ്ടത്തിലാവുക , ഭാര്യാ ഭർത്തൃ അകൽച്ച, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം,വിദ്യയിൽ പരാജയം, പുതിയ തൊഴിലിടങ്ങൾ തേടിപ്പോകുന്ന അവസ്ഥാ വരവിൽ കവിഞ്ഞ ചെലവ്, മാനസിക സമ്മർദ്ദം, ,രോഗാദി ദുരിതങ്ങൾ അലട്ടുക എന്നിവ ഫലത്തിൽ വരാം. എന്നാൽ മേടം രാശിക്കാർക്ക് ശനി 11 ൽ നിൽക്കുന്നതിനാൽ വ്യാഴത്തിന്റെ ദോഷത്തിൽ കുറെയേറെ ശമനം ലഭിക്കും. ദോഷപരിഹാരത്തിനായി വിഷ്ണു ക്ഷേത്രങ്ങളിൽ വഴിപാടുകളും ദർശനവും നടത്തുക.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)

ഇടവം രാശിക്കാർക്ക് വ്യാഴം 12–ൽ സഞ്ചരിക്കുന്ന കാലം. ഒട്ടും നല്ലതല്ല. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, കുടുംബക്ലേശം, സർക്കാർ സംബന്ധമായ ദോഷങ്ങൾ, തൊഴിൽക്ലേശങ്ങൾ ധനക്ലേശം, വിദേശയാത്രവാസം, ഭാഗ്യഹാനി, രോഗാദി ദുരിതങ്ങൾ അലട്ടുക, കബളിപ്പിക്കൽ സ്വഭാവം, സർവ്വ കാര്യവിഘ്ന൦ എന്നിവ ഫലത്തിൽ വരാം.ജപ്തി നടപടികൾ, കാരണം കാണിക്കൽനോട്ടീസുകൾ, കോടതി നടപടികൾ എന്നിവ നേരിടേണ്ടി വരും. ദോഷപരിഹാരത്തിനായി വിഷ്ണു ക്ഷേത്ര ദർശനം, ഭാഗവതപാരായണം, വിഷ്ണു സഹസ്രനാമജപം എന്നിവ ഗുണപ്രദമാണ്ന്

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

മിഥുനം രാശിക്കാര്‍ക്ക് വ്യാഴം 11–ൽ സഞ്ചരിക്കുന്നു.
എല്ലാകാര്യങ്ങളിലും ഭാഗ്യം കൂടെ നിൽക്കും സമയമാണ് വരാൻ പോകുന്നത്. ലോട്ടറി, ചിട്ടി, അപ്രതീക്ഷിത ധനലാഭം, ഭൂമി, വാഹനം,ഭവനം എന്നിവ കൈവശം വന്നുചേരും. വളരെ കാലത്തെ കഠിന പ്രവർത്തനത്തിന് ഫലം ലഭിക്കുന്നതാണ്. ശത്രുഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ,പുത്രഭാഗ്യം, ആരോഗ്യം , ആഭരണങ്ങൾ കൈവശം വരിക,വീട് പുതുക്കി പണിയുക, ഭാര്യാ ഭർത്തൃ ഐക്യം ,എന്നിവ ഫലം.ചിലർക്ക് വിചാരിച്ചകാര്യങ്ങൾ എല്ലാം തന്നെ നടക്കുന്ന കാലമാണ്.കൂടുതൽ ഗുണത്തിനായി വിഷ്ണു ഭഗവാനേയും വിഷ്ണുമൂർത്തികളെയും ആരാധിക്കുക.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)
കർക്കടകരാശിക്കാർക്ക് വ്യാഴം 10–ൽ സഞ്ചരിക്കുന്നു. സ്ഥാന ചലനം, ഭാഗം പിരിയൽ, വ്യാപാര പരാജയം,
തൊഴിൽ ക്ലേശങ്ങൾ, പല -പല തൊഴിലുകൾ ചെയ്യേണ്ടി വരിക, ഭൂമി നഷ്ടം, കൃഷി നഷ്ടം, പക്ഷിമൃഗാദികളിൽ നിന്ന് ദോഷഫലങ്ങൾ, ധനഹാനി, ഭക്ഷണ സുഖക്കുറവ്,സ്ഥാന നഷ്ടം, സന്താന ക്ലേശം, മാനഹാനി, ആരോഗ്യഹാനി, വേണ്ടപ്പെട്ടവരുടെ വിയോഗം എന്നിവയും ഇക്കാലത്തു ഫലമാകാം.വളരെ ജാഗ്രത പാലിക്കുക. പരിഹാരമായി നരസിംഹമൂർത്തി, വരാഹമൂർത്തി, ശ്രീഹനുമാൻ എന്നീ ദേവന്മാരെ ആരാധിക്കുക.

ചിങ്ങം രാശി: (മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം)വ്യാഴം ഭാഗ്യസ്ഥാനമായ 9–ൽ സഞ്ചരിക്കുന്ന കാലം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുക, വിവാഹയോഗം,സ്ത്രീ ലാഭം, ഭാര്യാഭർത്തൃ ഐക്യത, ഭക്ഷണ സുഖം,പുതിയ വീട്, വാഹന ഭാഗ്യം, തൊഴിൽ വിജയം,പുത്രഭാഗ്യം, ധനലാഭം, സർവ്വ ഐശ്വര്യങ്ങൾ, പിതാവിൽ നിന്നും ഗുണങ്ങൾ, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം എന്നിവയ്‌ക്കും സാധ്യത.കണ്ടകശനികാലം കൂടി ആയതിനാൽ ആരംഭത്തിൽ തടസ്സം വന്നേക്കാം. എന്നാൽ പ്രവർത്തിച്ചാൽ ഫലം ഉണ്ടാകുന്ന കാലമാണ്.

കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)

വ്യാഴം അഷ്ടമരാശിയിൽ സഞ്ചരിക്കുന്നതിനാൽ കന്നി രാശിക്കാർക്ക് ഈ വ്യാഴമാറ്റം ഗുണപ്രദമല്ല .
തൊഴിൽക്ലേശം, ധനക്ലേശം, വരവിൽ കവിഞ്ഞ ചെലവ്, യാത്രാ ദുരിതം, അന്യ സ്ത്രീ ബന്ധം,കേസ് വഴക്കുകളിൽ അകപ്പെടുക, അപകടങ്ങൾ,പിതൃ തുല്യർ ആയവർക്ക് ബലികർമ്മം ഇടേണ്ടി വരിക, മാനഹാനി, മുറിവ്, ചതവ്, ഒടിവ് എന്നിവക്ക് സാധ്യത.മുൻപരിചയമില്ലാത്ത വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഊഹക്കച്ചവടങ്ങളിൽ നിന്നും വിട്ടു നിൽക്കുക.എന്നാൽ ശനി 6–ൽ നിൽക്കുന്നത് വിഷമങ്ങൾ ഒരു പരിധിവരെ കുറയുന്നതാണ്. വിഷ്ണുമൂർത്തികളെ ആരാധിക്കുക. വാസസ്ഥലത്തിന് സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തുന്നത് ഉത്തമം.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

തുലാം രാശിക്കാർക്ക് രണ്ട് വർഷമായി നേരിടുന്ന ദുരിതങ്ങൾക്ക് ശമനം ലഭിക്കുന്നതാണ്.വ്യാഴം 7 ല്‍ സഞ്ചരിക്കുന്ന കാലം. മുടങ്ങിപ്പോയ ജീവിത വിഷയങ്ങൾ പുനരാരംഭിക്കാൻ ഉത്തമം. രോഗങ്ങൾക്ക് ശമനം ഉണ്ടാകും. ധനപരമായ ബാധ്യതകള്‍ ഒഴിവാക്കാന്‍ ഉള്ള വഴികൾ തെളിയും.സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, ജോലി-അധികാര പ്രാപ്തിയുള്ള തൊഴിൽ, പുത്രഭാഗ്യം, ഭാര്യ സുഖം, വാഹനഭാഗ്യം, തൊഴിൽ വിജയം,ഉയർന്ന സ്ഥാനലബ്ധി, എവിടെയും മാന്യത, രോഗശമനം, കാര്യ വിജയം, ഭക്ഷണ സുഖം , ധനനേട്ടം, വിദ്യയിൽ ഉന്നതി എന്നിവയും ഫലത്തിൽ വരാം.ലോട്ടറി, ചിട്ടികള്‍, പൂർവികധനം എന്നിവ ലഭിക്കാൻ സാധ്യത. വിവാഹത്തിന് അനുകൂല കാലമാണ്.സാമൂഹ്യ പദവി ഉയരും.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
വൃശ്ചിക രാശിക്കാർക്ക് രോഗ ദുരിത നാശസ്ഥാനമായ 6-ൽ ആണ് വ്യാഴം. ഒപ്പം ഒക്ടോബർ വരെ രാഹുവിന്റെ പേരിൽ ഉള്ള ഗുരുചണ്ഡാളയോഗവും. കണ്ടകശനി കൂടി ചേരുമ്പോൾ അതീവ ദോഷകരമായ സമയം. നിയമക്കുരുക്കുകളിൽ പെടാതെനോക്കുക. ആരോപണങ്ങളിൽ കുടുങ്ങി സ്ഥാനനഷ്ടം സംഭവിക്കാം.

കുടുംബ ജീവിത ക്ലേശങ്ങൾ ഉണ്ടാവുക, മനഃസ്വസ്‌ഥ കുറയുക, സർക്കാർ സംബന്ധമായ ദോഷാനുഭവങ്ങൾ, ധനഹാനി, തൊഴിൽ ക്ലേശം, കുടുംബാംഗങ്ങൾതമ്മിൽ പരസ്പരം ശത്രുത ഉണ്ടാവുക, രോഗാദിദുരിതങ്ങൾ, ശത്രുഭയം, ഭാഗ്യഹാനി, ഭാര്യയ്ക്ക് രോഗം, ബിസിനസ്സിൽ പരാജയം, കുടുംബത്തിൽ അനിഷ്ടസംഭവങ്ങൾ, അന്യദേശത്തുപോലും ഇക്കാലത്തു ദോഷഫലങ്ങൾ ഉണ്ടാകാം. ദോഷപരിഹാരത്തിനായി മഹാവിഷ്ണു പ്രീതി വരുത്തുക. വിഷ്ണു സഹസ്രനാമജപം, നവഗ്രഹപൂജ എന്നിവ നടത്തുക.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ധനുരാശിക്കാർക്ക് വ്യാഴം അഞ്ചില്‍ സഞ്ചരിക്കുന്ന കാലം.
കുടുംബത്തിൽ അഭിവൃദ്ധി, കുടുംബ-ബന്ധു ജനങ്ങളുമായി രമ്യതയിൽ കഴിയുക, തൊഴിൽവിജയം, സ്ഥാനലബ്ധി എവിടെയും മാന്യത, ഉയർച്ച, – പുത്രഭാഗ്യം, സ്ത്രീസുഖം, ധനലാഭം, പുതിയവീട്, വാഹനഭാഗ്യം, വിവാഹയോഗം, മനസുഖം, കീർത്തി, സർക്കാർ ജോലി അനുഭവത്തിൽ വരിക എന്നിവ ഫലത്തിൽ വരാം.ബിസിനസ്സുകൾ കുതിച്ചുയരുന്ന കാലമായിരിക്കും .മത്സരപരീക്ഷകൾ, തെരഞ്ഞെടുപ്പുകൾ എന്നിവയില്‍ വിജയം. സ്ത്രീകളിൽ നിന്നും പലവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു.അഭീഷ്ടസിദ്ധി ഫലം.കൂടുതൽ അനുകൂല ഫലങ്ങൾക്കായി ശ്രീകൃഷ്ണനെ ആരാധിക്കുക.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

മകരം രാശിക്കാർക്ക് 4–ൽ നിൽക്കുന്ന വ്യാഴം ഗുണദോഷസമ്മിശ്രഫലം നൽകുന്നതാണ് .ശത്രുഭയം, കുടുംബത്തിൽ സ്വസ്ഥതകുറവ്, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, സ്ഥാനനഷ്ടം, ധനനഷ്ടം, മനോദുഃഖം,അന്യദേശവാസം, അപകടങ്ങൾ, ദുർവാർത്തകൾ കേൾക്കേണ്ടിവരിക എന്നിവക്ക് സാധ്യത.സഹോദരീസഹോദരന്മാർക്ക് പലവിധ പ്രതിസന്ധികളും അവയുടെ പരിഹാരത്തിനായുള്ള പ്രവർത്തിയും തന്മൂലം ഉള്ള അലച്ചിലും ചെലവും വർദ്ധിക്കും.അനുകൂല ഫലത്തിനായി വിഷ്ണു സഹസ്രനാമം, നവഗ്രഹപൂജ, വിഷ്ണുക്ഷേത്ര ദര്‍ശനം, അഭിഷേകം എന്നിവ നടത്തുക.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

കുംഭക്കൂറുകാർക്ക് ജന്മശനിക്ക് ഒപ്പം വ്യാഴം 3 – ൽ കൂടി വരുന്നതോടെ കാര്യങ്ങള്‍ പ്രതികൂലമാകും.പിതാവിന്ക്ലേശകാലം, ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം, കലഹം, സ്ഥാനനഷ്ടം, സഹോദരന്മാർ മൂലം ദോഷാനുഭവങ്ങൾ, കുടുബവകസ്വത്തുകളിൽ കേസ് വഴക്കുകൾ ഉണ്ടാവുക, സർവ്വകാര്യതടസം, ധനഷ്ടം, അന്യജനങ്ങളാൽ അപമാനിക്കപ്പെടുക, ബന്ധുജനവിരഹം, തൊഴിൽക്ലേശം, അലസത, മനക്ലേശം എന്നിവ ഫലത്തിൽ വരാം.ജാതക പ്രകാരം ദശ–അപഹാരകാരങ്ങൾ അനുകൂലമായവർക്ക് ദോഷഫലം കുറയും.ദോഷശാന്തിക്കായി നരസിംഹമൂർത്തി, വരാഹമൂർത്തി എന്നീ വിഷ്ണുവിന്റെ അവതാരമൂർത്തികളെ ആരാധിക്കുക. വിഷ്ണുക്ഷേത്രത്തിൽ അഭിഷേകം, ദര്‍ശനം, പാൽപായസ നിവേദ്യം എന്നിവ നടത്തുന്നത് ഉത്തമ ഫലം നൽകും .

മീനം രാശി (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാർക്ക് വ്യാഴം ധനസ്ഥാനമായ 2–ൽ സഞ്ചരിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കും.പുതിയ സംരംഭങ്ങൾ, വിദേശ ധനലാഭം, സാമൂഹിക പദവികൾ, മത്സരപരീക്ഷാവിജയം, ഭവന–വാഹനയോഗം, .

തൊഴിൽ വിജയം, ശത്രുഹാനി, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, കുടുംബത്തിൽ മംഗളകർമ്മങ്ങൾ സാധ്യത, കല സാഹിത്യാദികളിൽ ഉയർച്ച പ്രശസ്‌തി, കുടുംബ സൗഖ്യം, സ്‌ഥാനക്കയറ്റം, സാന്താനഭാഗ്യം, ഭാര്യമൂലം ഗുണാനുഭവങ്ങൾ, ശരീരസുഖം, വ്യവഹാരവിജയം, ഭാര്യാഭർത്തൃഐക്യം, എന്നിവയും ഉണ്ടാവാം . വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ നടക്കും. വിവാഹത്തിന് അനുകൂല കാലമാണ്. അനുയോജ്യമായ പങ്കാളിയെ ലഭിക്കും
വ്യാഴ സ്തുതി

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം ഗുരും പ്രണതോസ്മൃഹം

Disclaimer. ഇത് ജ്യോതിഷം സംബന്ധിച്ച പൊതുധാരണയില്‍, ജ്യോതിഷ വിശ്വാസികള്‍ക്കായി തയ്യാറാക്കുന്നതാണ്,എല്ലാ അനുമാനവും എല്ലാവര്‍ക്കും കൃത്യമാകണമെന്നില്ല

Advertisement