തൃശൂര്‍: തൃശൂര്‍ കണ്ടാണശ്ശേരി പോലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. സ്റ്റേഷനില്‍ അക്രമം നടത്തിയ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ നായയുമായി എത്തിയ വിന്‍സെന്റ് ചോദ്യം ചെയ്ത പോലീസുകാരനെ ചവിട്ടി വീഴ്ത്തി. തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ ഗേറ്റില്‍ വാഹനമിടിപ്പിച്ചു. വാഹനാപകട കേസില്‍ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിന്‍സെന്റിന്റെ പരാക്രമം.
‘അമേരിക്കന്‍ ബുള്ളി’ എന്ന വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ കാറില്‍ സ്റ്റേഷനില്‍ എത്തിയത്. പോലീസുകാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വാഹമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വിന്‍സെന്റിന്റെതിരെ കണ്ടാണിശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച് വിന്‍സെന്റ് പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തുകയായിരുന്നു. കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് വിന്‍സെന്റിനെതിരെ ചുമത്തിയിട്ടുള്ളത്.