ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുത്ത സഞ്ജു ബാറ്റിംഗിനിറങ്ങി 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോററായി.
സഞ്ജുവിനൊപ്പം അക്ഷര്‍ പട്ടേല്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് നഷ്ടമായി. താരം ഒരു റണ്‍ മാത്രമാണ് എടുത്തത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കഴിഞ്ഞ മത്സരത്തിലെ വിജയ ശില്‍പ്പികളായ ധവാന്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഒന്നിച്ചു. ഇരുവരും സ്‌കോര്‍ മുന്നോട്ടു നീക്കി. എന്നാല്‍ 47ല്‍ എത്തിയപ്പോള്‍ ധവാനും മടങ്ങി. 21 പന്തില്‍ 33 റണ്‍സാണ് ധവാന്‍ കണ്ടെത്തിയത്.
പിന്നീട് ഇഷാന്‍ കിഷനാണ് വന്നത്. താരത്തിന് അധികം ആയുസുണ്ടായില്ല. ആറ് റണ്‍സ് മാത്രമാണ് ഇഷാന് നേടാന്‍ സാധിച്ചത്. അധികം വൈകാതെ ഗില്ലും മടങ്ങി. 34 പന്തില്‍ 33 റണ്‍സാണ് ഗില്‍ എടുത്തത്.
ദീപക് ഹൂഡ- സഞ്ജു സഖ്യം കൂടുതല്‍ നഷ്ടങ്ങളിലാതെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും സ്‌കോര്‍ 153-ല്‍ നില്‍ക്കെ ഹൂഡയും പുറത്തായി. താരം 25 റണ്‍സാണ് എടുത്തത്. പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സഞ്ജുവിനൊപ്പം വിജയം പൂര്‍ത്തിയാക്കി.
നേരത്തെ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ സിംബാബ്വെയുടെ പോരാട്ടം 38.1 ഓവറില്‍ 161 റണ്‍സില്‍ അവസാനിച്ചു. 42 റണ്‍സെടുത്ത സീന്‍ വില്യംസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്‌കോര്‍ സിംബാബ്വെ 38.1 ഓവറില്‍ 161ന് ഓള്‍ ഔട്ട്, ഇന്ത്യ 25.4 ഓവറില്‍ 167-5.