ഹരാരേ: രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗിന് മുന്നില്‍ വീണ്ടും തകര്‍ന്ന് സിംബാബ്‌വേ. തുടര്‍ച്ചയായി വീണ്ടും ടോസ് തുണച്ച ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സിംബാബ്‌വേ 38.1-ാം ഓവറില്‍ 161 ന് എല്ലാവരും പുറത്തായി. 42 പന്തില്‍ 42 റണ്‍സെടുത്ത മധ്യനിര താരം സീന്‍ വില്യംസാണു സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. റിയാന്‍ ബുള്‍ 47 പന്തില്‍ 39 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷാര്‍ദൂല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ സിംബാബ്‌വെയെ പത്ത് വിക്കറ്റിനു കീഴടക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.