പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്യാന്‍ കൊണ്ട് പോയ കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പരാതി. ഇരുവരെയും കാണാനില്ലെന്ന പരാതിയുമായി ജയരാജിന്റെ അമ്മ ദൈവാനി, ആവാസിന്റെ അമ്മ പുഷ്പ എന്നിവര്‍ കോടതിയെ സമീപിച്ചു. സംഭവത്തില്‍ കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കണാതായ ഇരുവരും പോലീസ് കസ്റ്റഡിയില്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് കമ്മീഷനെ നിയോഗിച്ചത്
ഇതിന്റെ അടിസ്ഥാനത്തില്‍, പ്രതികളെ പൊലീസ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത്‌പോലീസ് സ്റ്റേഷനില്‍ അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തി. തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലും പരിശോധിച്ചു. ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരില്‍ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പറഞ്ഞു. കേസില്‍ 8 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ ഇവര്‍ മാത്രമല്ലെന്നും കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. മൂന്നു പേര്‍ കൂടി പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.