തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന്റെ അകമ്പടി വാഹനത്തിലുണ്ടായിരുന്ന പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മന്ത്രിക്ക് വഴിമാറ്റി സഞ്ചരിച്ചതില്‍ അതൃപ്തിയുണ്ടായെന്ന് ആരോപിച്ചാണ് സിറ്റി പോലീസ് കമ്മീഷണര്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയതത്. കണ്‍ട്രോള്‍ റൂമിലെ എസ്‌ഐ സാബു രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.


പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവിനെതിരെ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. നടപടിയില്‍ പോലീസ് സേനയിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നല്‍കിയിരുന്നു. സസ്‌പെന്റ് ചെയ്യപ്പെട്ട സാബു രാജന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹനായിരുന്നു. ഇതേ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെഷന്‍ ഉത്തരവ് പിന്‍വലിച്ച് ഉത്തരവിറക്കിയത്. തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.