ഹരാരെ: ഇന്ത്യ- സിംബാബ്വെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ സ്‌കോര്‍ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ 81 റണ്‍സും ശുഭ്മാന്‍ ഗില്‍ 82 റണ്‍സും നേടി.
ടോസ് നേടിയ ഇന്ത്യ സിംബാബ്വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 40.3 ഓവറില്‍ 189 റണ്‍സിന് സിംബാബ്വെയുടെ എല്ലാവരും പുറത്തായി. ഒന്‍പതാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സ്, റിച്ചാര്‍ഡ് എന്‍ഗര്‍വ എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് അവര്‍ക്ക് ഈ സ്‌കോര്‍ സമ്മാനിച്ചത്.
ആദ്യ നാല് ബാറ്റര്‍മാരും രണ്ടക്കം കടക്കാതെ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റഗിസ് ചകബ്വ ഒരറ്റത്ത് പൊരുതി നിന്നു. 35 റണ്‍സെടുത്താണ് നായകനാണ് ടോപ് സ്‌കോറര്‍. വലറ്റത്ത് തിളങ്ങിയ ബ്രാഡ് ഇവാന്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ചാര്‍ഡ് എന്‍ഗര്‍വ 34 റണ്‍സും കണ്ടെത്തി. ഇന്ത്യക്കായി ദീപക് ചഹര്‍, പ്രസിദ്ധ കൃഷ്ണ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.