ന്യൂയോര്‍ക്ക്: ചൈനയുടെ വിവാദ റോഡ് നിര്‍മ്മാണ പദ്ധതിയ്‌ക്കെതിരെ സംസാരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ മൈക്കിന് സാങ്കേതിക തകരാര്‍. മൈക്ക് തകാരാറിലായിട്ടും ഫസ്റ്റ് സെക്രട്ടറി പ്രിയങ്ക സൊഹാനി ഇന്ത്യയുടെ ആശങ്കകള്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ വ്യക്തമായി അറിയിച്ചു.

അതേസമയം പ്രിയങ്കയുടെ മൈക്കിനുണ്ടായ തകരാര്‍ സ്വഭാവികമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മൈക്ക് ശരിയായ ശേഷം സൊഹോനിയോട് പ്രസംഗം തുടരാന്‍ ഐക്യരാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഴെമിന്‍ പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ അടുത്തയാളിന്റെ ദൃശ്യങ്ങള്‍ കാട്ടിയെന്ന് പറഞ്ഞ അവര്‍ ലിയു ഇതിന് മാപ്പ് പറയുകയും ചെയ്തു. ഈ മാസം പതിനാല് മുതല്‍ പതിനാറു വരെ നടന്ന യോഗത്തിലാണ് ഗുരുതരമായ ഈ പ്രശ്‌നം ഉണ്ടായത്.

എല്ലാ രാജ്യങ്ങളുടെയും ഭൗതിക ബന്ധപ്പെടല്‍ മെച്ചപ്പെടേണ്ടതുണ്ട്. ഇത് എല്ലാവര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ അടക്കമുള്ളവയ്ക്ക് സഹായകമാകും. എന്നാല്‍ ഇത് സന്തുലിതമായിരിക്കണമെന്നും സൊഹോനി ചൂണ്ടിക്കാട്ടി. എന്നാല്‍ ചൈനയുടെ റോഡ് നിര്‍മ്മാണ പദ്ധതി തങ്ങളെ വലിയതോതില്‍ ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ബന്ധിുപ്പിച്ച് കൊണ്ടുള്ള പദ്ധതിയാണിത്. ഇത് ഇന്ത്യയുടെ പരാമാധികാരത്തെ വലിയ തോതില്‍ ബാധിക്കുമെന്നും അവര്‍ കുറ്റപ്പെടുത്തി.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍ഷ്യേറ്റീവ്(ബിആര്‍ഐ)ശതകോടികളുടെ പദ്ധതിയാണ്. 2013ല്‍ ഷി ജിന്‍പിങ് അധികാരത്തില്‍ വന്നപ്പോഴാണ് ഇത് ഉദ്ഘാടനം ചെയ്തത്. ദക്ഷിണ പൂര്‍വ്വ ഏഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ച് കൊണ്ടുള്ള കര കടല്‍ പാത ശൃംഖലയാണ് ചൈന ലക്ഷ്യമിടുന്നത്.

ആറായിരം കോടി ഡോളറിന്റെ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയാണ് ഇതില്‍ സുപ്രധാനം. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ഗ്വദാര്‍ തുറമുഖം മുതല്‍ ചൈനയുടെ ഷിജിന്‍പിങ് പ്രവിശ്യവരെ ഉള്‍പ്പെടുത്തിയുള്ള പാതയാണ് ഇത്. മേഖലയിലെ കളികള്‍ മുഴുവന്‍ മാറ്റുന്ന ഒന്നാണ് ബിആര്‍ഐ, സിപിഇസി പദ്ധതികള്‍ എന്നാണ് സൊഹോനിയ്ക്ക് മുമ്പ് ഐക്യരാഷ്ട്രസഭയില്‍ സംസാരിച്ച പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ പദ്ധതിയെ വാഴ്ത്തിപ്പാടിയത്.

ഷിയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പദ്ധതിയെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇക്കാര്യം ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഷി ആവര്‍ത്തിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ടുള്ള സുസ്ഥിര ഗതാഗത സംവിധാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.