റിയൊ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ജോ ഫ്രാഗ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സാവോ പോളോയിലെ ആൽബേർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം ചികിത്സയിൽ കഴിയുകയാണെന്ന് ഗ്ലോബോ ന്യൂസ് റിപ്പോർട്ട് ചെയ്തു. “നിരവധി പരിശോധനകൾ നടത്താനുണ്ട്. എല്ലാം ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാനാകില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല,” ഫ്രാഗ വ്യക്തമാക്കി.

പെലെ അബോധാവസ്ഥയിലായി എന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ അദ്ദേഹം തന്നെ ഇൻസ്റ്റഗ്രാമിലൂടെ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരുന്നു. “സുഹൃത്തുക്കളേ, ഞാൻ അബോധാവസ്ഥയിലല്ല. ഞാൻ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാൻ കഴിയാതെ പോയ പരിശോധനകൾ പൂർത്തിയാക്കുന്നതിനാണ് ആശുപത്രിയിൽ എത്തിയത്,” പെലെ കുറിച്ചു.