വൃന്ദാവനിൽ നിന്നുള്ള വീഡിയോ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പങ്കുവച്ചിരിക്കുകയാണ് ശോഭന

വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. തെരുവിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ശോഭന തന്നെയാണ് പകർത്തിയത്.ഇന്ത്യയില്‍ തന്നെ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ബങ്കെ ബിഹാരി. ത്രിഭംഗ രീതിയില്‍ നില്‍ക്കുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. ആദ്യമായാണ് താന്‍ ഇവിടേക്കെത്തുന്നതെന്ന് ശോഭന വി‍ഡിയോയില്‍ പറയുന്നു.

ആളുകളാല്‍ നിറഞ്ഞ തെരുവിലൂടെ നടക്കുമ്പോള്‍ മാസ്ക് അണിയാത്ത മുഖങ്ങള്‍ കണ്ട താന്‍ ഭയന്നെന്ന് നടി വിഡിയോയ്ക്കൊപ്പം കുറിച്ചു. “തെരുവുകള്‍ നിറയെ ആളുകളായിരുന്നു, മാസ്ക് അണിയാത്ത മുഖങ്ങള്‍ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ഭയന്നു. എല്ലാവരും ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുകയാണ്. വന്‍ കെ ബിഹാരി അഥവാ ത്രിഭംഗ രൂപത്തിലുള്ളവന്‍- പണക്കാരനോ ദരിദ്രനോ, വിദേശിയോ സ്വദേശിയോ. ബങ്കെ ബിഹാരിയോടുള്ള പ്രണയത്തില്‍ എല്ലാവരും ഒന്നാണ്. ചിലരുടെ പ്രതീക്ഷ, ചിലര്‍ക്ക് പതിവ്, ചിലര്‍ക്ക് മകനെ പോലെ. എനിക്ക് എല്ലാം. ആ പീഠത്തിലിരുന്ന് ഒരുനിമിഷം നീയെന്നെ നോക്കിയോ, അങ്ങനെ ഞാന്‍ കരുതുന്നു,” വിഡിയോയ്ക്കൊപ്പം ശോഭന കുറിച്ചു.