കപ്പയെ സമീകൃതമാക്കാൻ ഇതാ ചില പൊടിക്കൈകൾ

മരച്ചീനിയുടെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. കിഴങ്ങുകൾ അന്നജത്തിന്റെ ഉറവിടമാണ്. ഇലകളിൽ മാംസ്യവും ധാതുലവണങ്ങളുമുണ്ട്. കപ്പയിലെ സയനൈഡ് സാന്നിധ്യം ‘ചവർപ്പ്’ അഥവാ ‘കട്ട്’ ഉളവാക്കുന്നു. സയനൈഡ് അധികമാകുന്നത് ശാരീരികാസ്വാസ്ഥ്യവുമുണ്ടാക്കും. കട്ട് തീരെ ഇല്ലാത്ത ഇനങ്ങൾ ഇപ്പോൾ ജനിതകമാറ്റവും പുതിയ സസ്യപ്രജനനരീതിയും വഴി ഇറക്കുന്നുണ്ട്. വെള്ളത്തിലിട്ടു നന്നായി തിളപ്പിച്ചാൽ ഈ ‘കട്ട്’ ഊറിപ്പൊയ്ക്കൊള്ളും.

കപ്പ ചെറുതായി നുറുക്കി വെള്ളത്തിൽ കുതിർത്തതിനുശേഷം അര മണിക്കൂർ വരെ തിളപ്പിച്ച്, വെള്ളം ഊറ്റിക്കളഞ്ഞാൽ കട്ടിനു കാരണമായ ‘ലിന്നാമാരിൻ’ എന്ന ഘടകത്തിന്റെ തോത് 95 ശതമാനത്തിലേറെ കുറയും. ആവി കയറ്റിയാലും, ‘ബേക്ക്’ ചെയ്താലും എണ്ണയിൽ പൊരിച്ചെടുത്താലും, ഇത്രത്തോളം കുറയില്ല. അതുപോലെതന്നെ കപ്പ ഉണക്കുമ്പോള്‍ ‘ലിന്നാമാരേസ്’ എന്ന എൻസൈം നിർവീര്യമാകുന്നതുകൊണ്ട് സയനൈഡ് ഉണ്ടാകുന്നുമില്ല. മരിച്ചീനിയിലയും അരിഞ്ഞ് 10 മിനിറ്റ് തിളച്ച വെള്ളത്തിലിട്ട് ഊറ്റിയെടുത്താൽ ‘കട്ടി’ല്ലാതാകും. ഇതുകൊണ്ട് ഒട്ടേറെ വിഭവങ്ങൾ ഉണ്ടാക്കാം.

മരിച്ചീനി ഉരച്ചെടുത്ത് വെള്ളത്തിൽ മൂന്ന് ദിവസംവരെ കുതിർക്കുമ്പോഴും ‘ലിന്നാമാരിന്‍’ തോത് 95 ശതമാനം വരെ കുറയുന്നു. ആഫ്രിക്കയിലെ പ്രധാന ഭക്ഷ്യവിഭവമായ ‘ഗ്യാരി’ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.

‘ഇരുമ്പ്’, ‘കോപ്പർ’ എന്നീ ധാതുലവണങ്ങൾ നല്ല തോതിൽ അടങ്ങിയ കപ്പ കഴിക്കുന്നത് രക്തത്തിലെ കോശങ്ങളുടെ നിർമാണത്തിനു വിശേഷപ്പെട്ടതാണ്. കൊഴുപ്പും ‘കൊളസ്ട്രോളും’ ഇല്ലാത്തതിനാല്‍ ഹൃദ്രോഗികൾക്കു ധൈര്യമായി കപ്പ കഴിക്കാം. സോഡിയം കുറവായതുകൊണ്ട് രക്തസമ്മർദം ഉള്ളവർക്കു നന്ന്. പൊട്ടാസ്യത്തിന്റെ തോത് പഴങ്ങളിലെപ്പോലെ ഉയർന്നിരിക്കുന്നതുകൊണ്ട് (92 മി.ഗ്രാം/100ഗ്രാം), രക്തധമനികളുടെ പ്രവർത്തനം സുഗമമാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെയും, ഇലക്ട്രോലൈറ്റുകളുടെയും (electrolyte) സന്തുലിതാവസ്ഥയ്ക്കും കപ്പ കാരണമാകുന്നു.

മരിച്ചീനിയിലെ നാരുകൾ ‘റസിസ്റ്റന്റ് സ്റ്റാർച്ച്’ (resistant starch) എന്ന രൂപത്തിലാണ്. ഇത് കുടലിന്റെ പ്രവർത്തനത്തിനു സഹായകം. കുടലിന്റെ ആരോഗ്യത്തിനാവശ്യമായ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും ഇതു കൊള്ളാം.

മരിച്ചീനിമാവിന്റെ ഏറ്റവും വലിയ ഗുണം, ഇവയിൽ ‘ഗ്ലൂട്ടൻ’ ഇല്ല എന്നതാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനു ഹാനികരമായ മൈദയ്ക്കു പകരം കേക്കിനും, ബിസ്കറ്റിനും മറ്റും ഇത് ഉപയോഗിക്കാം. ‘ഗ്ലൂട്ടൻ’ അടങ്ങിയ ഉൽപന്നങ്ങൾ ചിലര്‍ക്കു ദഹിക്കാൻ ബുദ്ധിമുട്ട്(സീലിയാക് രോഗം) ആണ്.

പ്രമേഹരോഗികൾ വളരെ മിതമായ തോതിലേ കപ്പ കഴിക്കാവൂ‌. ഇതു രക്തത്തിൽ ഗ്ലൂക്കോസ് വർധിപ്പിക്കും. അതുകൊണ്ട് ഇവര്‍ പതിവായും, കൂടുതലായും കപ്പ കഴിക്കരുത്. ‘ഗോയിറ്റർ’ അഥവാ തൊണ്ടവീക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും കപ്പ കഴിക്കുന്നതു നന്നല്ല. ‘തൈറോയിഡ്’ ഗ്രന്ഥിയുടെ പ്രവർത്തനത്തിനാവശ്യമായ ‘അയോഡിനി’ന്റെ ആഗിരണം ഇതു തടസ്സപ്പെടുത്തും.

കപ്പ കഴിച്ചു കഴിയുമ്പോൾ ചിലർ വായൂകോപം ഉണ്ടാകുന്നതായി പറയാറുണ്ട്. അളവിൽ കൂടുതൽ കഴിക്കുക, ചവച്ചുകഴിക്കാതിരിക്കുക, വെള്ളം കുടിക്കുന്നതു കുറയുക, വ്യായാമം ഇല്ലാതിരിക്കുക എന്നിവ മൂലം ഇതുണ്ടാവാം.

കപ്പ സമീകൃതാഹാരമാണോ എന്നു ചോദിച്ചാൽ അല്ല! കാരണം അന്നജം മുന്നിട്ടു നിൽക്കുന്നു. എന്നാല്‍ കപ്പയ്ക്കൊപ്പം മത്സ്യമോ, ഇറച്ചിയോകൂടി ചേര്‍ന്നാല്‍ സമീകൃതാഹാരമായി.

നന്നായി പാചകം ചെയ്ത്, ആരോഗ്യത്തിന് അനുസൃതമായി കഴിക്കുകയാണെങ്കിൽ കപ്പ സുരക്ഷിത ഭക്ഷണം തന്നെ. സംസ്ഥാനത്ത് അരി ഉൽപാദനം കുറയുന്ന ഇക്കാലത്ത് കപ്പയെ ആഹാരത്തിലെ പ്രധാന വിഭവമായി തിരികെ കൊണ്ടുവരുന്നതു ഭക്ഷ്യസുരക്ഷയ്ക്കു ഗുണംചെയ്യും.

Advertisement