കമ്പൈൻഡ് ഡിഫൻസ് സർവീസസ് വിവിധ സേനകളിൽ 341 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10

Advertisement

കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സി.ഡി.എസ്‌.) എക്സാമിനേഷൻ (I), 2023-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. മിലിട്ടറി, നേവൽ, എയർഫോഴ്സ് അക്കാദമികളിലും ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലുമാണ് കോഴ്സ് നടക്കുക. എല്ലാ കോഴ്സുകളിലുമായി 341 ഒഴിവാണുള്ളത്.

ഇന്ത്യൻ മിലിട്ടറി അക്കാദമി (ദെഹ്റാദൂൺ)-100, ഇന്ത്യൻ നേവൽ അക്കാദമി (ഏഴിമല)-22, എയർഫോഴ്സ് അക്കാദമി (ഹൈദരാബാദ്)-32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി(ചെന്നൈ)-എസ്.എസ്.സി.-വിമൻ-17.
വിദ്യാഭ്യാസയോഗ്യത

മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് അക്കാദമി: അംഗീകൃത സർവകലാശാലാബിരുദം • നേവൽ അക്കാദമി: എൻജിനിയറിങ് ബിരുദം. • എയർഫോഴ്സ് അക്കാദമി: മാത്തമാറ്റിക്സും ഫിസിക്സും ഉൾപ്പെട്ട പ്ലസ്ടുവിനുശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരോ എൻജിനിയറിങ് ബിരുദധാരികളോ ആകാം

ഡി.ജി.സി.എ. (ഇന്ത്യ) നൽകുന്ന കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് എയർഫോഴ്സ് അക്കാദമിയിലേക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. 25 വയസ്സിനുതാഴെയുള്ള അപേക്ഷകർ അവിവാഹിതരാകണം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ എസ്.എസ്.സി. വിമൻ നോൺ ടെക്നിക്കൽ കോഴ്സിന് അപേക്ഷിക്കുന്ന വനിതകളും വിവാഹിതരാകരുത്. എന്നാൽ,ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹമോചിതർക്കും അപേക്ഷിക്കാം. വിവാഹമോചിതരോ ഭാര്യ മരിച്ചവരോ ആയ പുരുഷന്മാർ അപേക്ഷിക്കാൻ പാടില്ല.

പരീക്ഷ
ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. മിലിട്ടറി ആക്കാദമി, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പരീക്ഷയ്ക്ക് ഇംഗ്ലീഷ്, ജനറൽ നോളജ്, എലിമെന്ററി മാത്തമാറ്റിക്സ് എന്നിവയായിരിക്കും വിഷയങ്ങൾ. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് ഇംഗ്ലീഷും ജനറൽ നോളജുമായിരിക്കും വിഷയങ്ങൾ. ഓരോ വിഷയത്തിനും രണ്ടുമണിക്കൂർവീതമായിരിക്കും സമയം. ഓരോന്നിനും പരമാവധി 100 മാർക്ക് വീതം. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

വിവരങ്ങൾക്ക്: http://www.upsc.gov.in, അവസാന തീയതി: ജനുവരി 10

Advertisement