വിദേശജോലി തേടുന്നവരെ മാടിവിളിച്ച് കാനഡ; 10 ലക്ഷത്തിലേറെ അവസരങ്ങൾ

ഒട്ടാവ ∙ വിദേശത്തു തൊഴിൽ തേടുന്നവർക്കു ശുഭവാർത്തയുമായി കാനഡ. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളത്. 2021 മേയ് മാസത്തിനു ശേഷം മൂന്ന് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ‌ സൃഷ്ടിക്കപ്പെട്ടു. 2022 മേയിലെ ലേബർ ഫോഴ്സ് സർവേയിലാണു വൻ തൊഴിലവസരങ്ങളുടെ കണക്കുള്ളത്.

തൊഴിലാളികളുടെ കുറവ് രാജ്യത്തു വർധിക്കുകയാണെന്നു സർവേയിൽ പറയുന്നു. രാജ്യത്തു തൊഴിൽ ചെയ്യുന്ന പൗരന്മാർക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ്‌ ഒഴിവുകൾ കൂട്ടുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വർധിക്കാനിടയാക്കും.

ഈ വ‌ർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാനാണു കാനഡയുടെ തീരുമാനം. ഇതു സമീപകാലത്തെ വലിയ സംഖ്യയാണ്. 2024ൽ 4.5 ലക്ഷം പേർക്കു പെർമനന്റ് റസിഡന്റ് വീസ നൽകാനാണു കാനഡ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.

വരും വർഷങ്ങളിലും തൊഴിലവസരം കൂടുമെന്നും കുടിയേറ്റക്കാർക്കു നല്ലതാണെന്നുമാണു വിലയിരുത്തൽ. സയൻസ്, പ്രഫഷണൽ, സാങ്കേതികത, ഗതാഗതം, വെയർഹൗസിങ്, ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവുകൾ വർധിക്കും.

നിർമാണ മേഖലയിൽ‌ മാത്രം 89,900 പേരുടെ ഒഴിവാണ് ഏപ്രിലിൽ റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യ മേഖലയിലും തുടർച്ചയായ 13–ാം മാസത്തിലും തൊഴിലവസരങ്ങൾ ഉയർന്ന നിരക്കിലാണ്.

Advertisement