അറിയാം നിശബ്ദമായി നമ്മുടെ ജിവന് ഭീഷണിയാകുന്ന ആറ് രോഗങ്ങൾ

ചില രോഗങ്ങൾ ക്രമേണ നമ്മെ കീഴ്പ്പെടുത്തുന്നത് നാം അറിയാതെ പോകാം. വിശേഷിച്ച്‌ ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുന്ന അസുഖങ്ങൾ.

ഇത്തരം രോഗങ്ങളെ ‘സൈലന്റ് കില്ലേഴ്സ്’ അഥവാ ‘നിശബ്ദഘാതകർ’ എന്നാണ് വിളിക്കുന്നത്.

തീർത്തും നിശബ്ദമായി- നാം അറിയാതെ നമ്മെ ആക്രമിച്ച്‌ കീഴടക്കുന്ന രോഗങ്ങൾ എന്നാണിവയെ അർത്ഥമാക്കുന്നത്. അത്തരത്തിലുള്ള ആറ് രോഗങ്ങളെ കുറിച്ചാണിനി വിശദീകരിക്കുന്നത്.

ഒന്ന്…

ഉയർന്ന രക്തസമ്മർദ്ദം അഥവാ ‘ഹൈപ്പർടെൻഷൻ’ ( ബിപി) ആണ് ഈ പട്ടികയിൽ വരുന്ന ഒരു രോഗം. ലക്ഷണങ്ങൾ പ്രകടമാകുന്നില്ല എന്നതിനാൽ തന്നെ ബിപിയുള്ളത് അറിയാതെ പോകാൻ സാധ്യതകളേറെയാണ്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗൗരവതരമായ പ്രശ്നങ്ങൾ ബിപി മൂലം സംഭവിക്കാം.

കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധന നടത്തി ബിപിയുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിലൂടെയും ഈ അപകടത്തെ നമുക്ക് അകറ്റിനിർത്താം.

രണ്ട്…

ഹൃദയധമനികൾ ചുരുങ്ങി വരുന്ന അസുഖമായ ‘കൊറോണറി ആർട്ടറി ഡിസീസ്’ ആണ് ഈ പട്ടികയിൽ പെടുന്ന മറ്റൊന്ന്. പേരിൽ സൂചനയുള്ളത് പോലെ ഇത് ഹൃദയത്തെ തന്നെയാണ് പ്രധാനമായും ബാധിക്കുക. ഹൃദയത്തെ ബാധിക്കുന്ന ചെറുതും വലുതുമായ രോഗങ്ങൾ മുതൽ ഹൃദയാഘാതം വരെയുള്ള അവസ്ഥയിലേക്ക് ഇതെത്തിക്കാം.

ഇതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകൾ കൃത്യമായി നടത്താത്തവരിൽ വൈകി അറിയുന്നൊരു രോഗമാണ്. മിക്കവാറും സങ്കീർണമായ സാഹചര്യങ്ങളിൽ മാത്രമാണ് രോഗം കണ്ടെത്തപ്പെടാറ്. ആരോഗ്യകരമായ ജീവിതരീതി തീർച്ചയായും ഒരു പരിധി വരൈങ്കിലും ഈ രോഗത്തെ തടയും.

മൂന്ന്…

ജീവിതശൈലീരോഗങ്ങളിൽ ഏറ്റവും സാധാരണമായി നാം കണക്കാക്കുന്ന ഒന്നാണ് പ്രമേഹം അഥവാ ‘ഷുഗർ’. ടൈപ്പ്-1 , ടൈപ്പ്- 2 എന്നിങ്ങനെ രണ്ട് തരം പ്രമേഹങ്ങളുണ്ട്. ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുന്നു എന്നതിനാൽ തന്നെ പ്രമേഹവും നേരത്തേ പറഞ്ഞത് പോലെ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.

എന്നാൽ പിന്നീട് ഹൃദയം, വൃക്കകൾ, കണ്ണുകൾ എന്നീ അവയവങ്ങളെയെല്ലാം ഗൗരവതരമായ രീതിയിൽ ബാധിക്കപ്പെടാൻ പ്രമേഹം ഇടയാക്കുന്നു. ജീവിതശൈലീരോഗങ്ങളുണ്ടോയെന്നത് കൃത്യമായ ഇടവേളകളിൽ ഡെിക്കലി പരിശോധിച്ച്‌ ഉറപ്പുവരുത്തുക മാത്രമേ ഇതിന് പ്രതിവിധിയായിട്ടുള്ളൂ. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാൽ ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റ് അടക്കമുള്ള ജീവിതരീതി മെച്ചപ്പെടുത്തുകയും വേണം.

നാല്..

എല്ല് തേയ്മാനം അഥവാ ‘ഓസ്റ്റിയോപോറോസിസ്’ എന്ന രോഗമാണ് മറ്റൊരു നിശബ്ദഘാതകൻ. ഇതും പലപ്പോഴും ഗുരുതരമായ പൊട്ടലോ പരിക്കോ ഏറ്റ ശേഷമാണ് മിക്കവരും തിരിച്ചറിയുന്നത്. എന്നാൽ അപ്പോഴേക്ക് സമയം ചികിത്സിച്ച്‌ സുഖപ്പെടുത്താൻ സമയം വൈകിക്കാണും.

കാത്സ്യം, വൈറ്റമിൻ-ഡി പോലുള്ള ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നതും, എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ പതിവായി ചെയ്യുന്നതും എല്ലാം എല്ല് തേയ്മാനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു.

അഞ്ച്…

നിങ്ങളിൽ പലരും ‘സ്ലീപ് അപ്നിയ’ എന്ന് കേട്ടുകാണും. വളരെ ഗൗരവമുള്ള ഒരു ഉറക്കപ്രശ്നമാണിത്. അടിസ്ഥാനപരമായി ശ്വാസഗതിയിലാണ് ഈ രോഗാവസ്ഥയിൽ വ്യതിയാനം വരുന്നത്. ഉറങ്ങുമ്പോൾ ശ്വാസം നേരാംവണ്ണം എടുക്കാൻ കഴിയാത്ത സാഹചര്യവും ഇതുവഴി ഉറക്കം കൃത്യമാകാത്ത അവസ്ഥയുമുണ്ടാകുന്നു. ഇത്തരക്കാരിൽ ഉറക്കത്തിൽ വായിലൂടെ ശ്വാസമെടുക്കുന്നതിനാൽ കൂർക്കംവലിയും പതിവായിരിക്കും.

‘സ്ലീപ് അപ്നിയ’യും ഒരു നിശബ്ദഘാതകൻ തന്നെയാണ്. സ്ട്രോക്ക് (പക്ഷാഘാതം) പോലുള്ള പ്രശ്നങ്ങൾ മൂലം പെടുന്നനെ ഉറക്കത്തിൽ മരണം സംഭവിക്കാനുള്ള സാധ്യതകൾ പോലും ഈ അവസ്ഥയിലുണ്ടാകാം. ഇതിന് സമയബന്ധിതമായ ചികിത്സ തേടുകയാണ് ഉചിതം.

ആറ്…

കരൾവീക്കം അഥവാ ‘ഫാറ്റി ലിവർ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലർ’. രണ്ട് തരം കരൾവീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങൾ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കനാണ് സാധ്യതകളേറെയുള്ളത്.

ഇത് പിന്നീട് ‘ലിവർ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ലിവർ സിറോസിസ് പ്രതിവർഷം നിരവധി ജീവനുകൾ അപഹരിക്കുന്നൊരു രോഗമാണ്. ആരോഗ്യകരമായ ജീവിതരീതി. മദ്യപാനം- പുകവലി പോലുള്ള ദുശ്ശീലങ്ങൾ ഉപേക്ഷിക്കുക എന്നിവയിലൂടെ ഒരു പരിധി വരെ കരൾവീക്കത്തെ നേരിടാം. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിലൂടെയും കരൾവീക്കത്തെ കണ്ടെത്താൻ കഴിയുന്നതാണ്.

Advertisement