ആർത്തവസംബന്ധമായ പ്രശ്നങ്ങൾ അലട്ടാത്ത സ്ത്രീകൾ കുറവായിരിക്കും. പല കാരണങ്ങൾ കൊണ്ടാണ് ആർത്തവം ക്രമം തെറ്റുന്നത്. ആർത്തവം ക്രമം തെറ്റുന്നതിന് ഒരു പ്രധാന കാരണമാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം. ഹോർമോണുകളുടെ വ്യതിയാനമോ ഇൻസുലിൻ ഹോർമോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാവുന്നതാണ്. ഇത് തുടക്കത്തിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കുക.

തെറ്റായ ഭക്ഷണശീലമാണ് മറ്റൊന്ന്. ക്രമംതെറ്റിയ ആർത്തവം എന്നാൽ ഒരാർത്തവചക്രം പൂർത്തിയാക്കിയിട്ടും അടുത്ത ആർത്തവം ആരംഭിക്കാത്ത അവസ്ഥയാണ്. ഇത് ദിവസങ്ങൾ തുടങ്ങി മാസങ്ങളുടെ വ്യത്യാസം വരെ ഉണ്ടാകാം. ശരീരഭാരം കുറയ്ക്കാൻ സ്ത്രീകൾ പലപ്പോഴും കർശനമായ ഭക്ഷണക്രമത്തിലേക്ക് മാറുന്നു, എന്നാൽ ഇത് ഹോർമോൺ ചക്രം തടസ്സപ്പെടുത്തും. പെട്ടെന്ന് ശരീരഭാരം കുറയുന്നത് ആർത്തവചക്രത്തെ ബാധിക്കും.

പുരുഷ ഹോർമോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുമ്പോൾ ക്രമംതെറ്റിയ ആർത്തവത്തിന് സാധ്യത കൂടുതലാണ്. അണ്ഡോത്പാദനം ക്രമത്തിൽ സംഭവിക്കാത്തതുകൊണ്ട് ആർത്തചക്രം നീണ്ടുപോകും. വ്യായാമം ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ അമിതമായ വ്യായാമം കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അമിത വ്യായാമം തൈറോയ്ഡ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനെൽ ഗ്രന്ഥി എന്നിവയുടെ പ്രവർത്തനം താറുമാറാക്കുകയും ശരീരത്തെ തളർത്തുകയും സ്‌ട്രെസ് നില ഉയർത്തുകയും ചെയ്യും. ഇതാണ് സ്ത്രീകളുടെ ആർത്തവത്തെ ക്രമം തെറ്റിക്കുന്നത്.

പോഷകങ്ങൾ നിറഞ്ഞ് ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ അത് ആർത്തവത്തെ ദോഷകരമായി ബാധിക്കാം. ആന്റി ഓക്സിഡന്റ്, സാച്ചുറേറ്റഡ് ഫാറ്റ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ആഹാരങ്ങൾ ആർത്തവത്തെ ക്രമമാക്കാൻ സഹായിക്കും. സ്ട്രെസ് പലതരത്തിൽ ബാധിക്കാം. അമിതമായി സ്‌ട്രെസ് അനുഭവിക്കുന്ന സ്ത്രീകളിൽ അണ്ഡോത്പാദനം നടക്കില്ല. അതുകൊണ്ടുതന്നെ അവരിൽ ആർത്തവം ക്രമം തെറ്റുകയും ചെയ്യുന്നു. സമ്മർദ്ദം കൂടിയാൽ അത് ശരീരത്തിലെ ഈസ്ട്രജൻ അളവിൽ ക്രമാതീതമായ കുറവ് ഉണ്ടാക്കുകയും ചെയ്യാം.