താരന്‍ കാരണം വല്ലാതെ കഷ്ടപ്പെടുന്നുവോ?മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യ മാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്.

തലയോട്ടിയിലെ ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മുടികൊഴിച്ചിലിനൊപ്പം മുടിയുടെ വളർച്ച തടയുന്നതിനാൽ തന്നെ താരൻ മാറ്റാൻ അല്പം കരുതൽ വേണം.


തല ചൊറിച്ചിൽ, തലയിൽ വെളുത്ത പൊടികൾ, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികൾ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങൾ.
കൃത്യസമയത്ത് മാറ്റാതിരുന്നാൽ ശരീരത്തിലെ ത്വക്കിലേക്കും വ്യാപിക്കാൻ സാധ്യതയുളളതിനാൽ താരൻ വരാതിരിക്കാൻ എപ്പോഴും അല്പം മുൻകരുതൽ നല്ലതാണ്.
ഇനി താരനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില നാടന്‍ വീട്ടവഴികള്‍ നോക്കാം.

1.ചെറുനാരങ്ങ നീര്+തൈര്/ തേങ്ങാപ്പാൽ / ചെറിയ ചൂടോടെ വെളിച്ചെണ്ണ
   
താരനുണ്ടാകുമ്പോൾ വരുന്ന മറ്റൊരു പ്രധാന പ്രശ്നം തലയിലെ ചർമ്മം വരണ്ടുപോകുന്നതാണ്. ഇത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് തൈരിൽ ചേർത്ത് പുരട്ടിയതിനു ശേഷം പത്തു മിനിട്ട് കഴിഞ്ഞ് തലമുടി കഴുകാം. പക്ഷെ ഒരു കാരണവശാലും ചെറുനാരങ്ങനീര് മാത്രം തലയോട്ടിലിൽ തേച്ച് പിടിപ്പിക്കരുത്. വെളളത്തിലോ തൈരിലോ തേങ്ങാപ്പാലിലോ ചേർത്ത് മാത്രം ഉപയോഗിക്കുക.

ചെറുനാരങ്ങ നീര് വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇതും താരനെ ഇല്ലാതാക്കുന്നു.

2. ഉണക്ക നെല്ലിക്കപ്പൊടി
ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയിൽ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാൻ ഫലപ്രദമായ ഒരു മാർഗമാണ്.


3.വേപ്പിന്റെ നീരും വെളിച്ചെണ്ണയും

മിക്ക ത്വക്ക് രോഗങ്ങൾക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലൊരു മരുന്നാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേർത്ത് തലയിൽ തേക്കുന്നത് താരനകറ്റാൻ സഹായിക്കും.

4.വെളുത്തുള്ളിയും തേനും
താരൻ അകറ്റാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ചതച്ച് തലയിൽ തേക്കുക. ഇതിനൊപ്പം അൽപം തേൻ കൂടി ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റും. 

5. കറ്റാർവാഴയുടെ നീര്
മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദം. കറ്റാർവാഴ ജെൽ തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്. 


6. ബേക്കിംഗ് സോഡ
ബേക്കിങ്ങ് സോഡ തലയോട്ടിയിൽ അധികമുള്ള സെബം നീക്കം ചെയ്യാൻ സഹായിക്കും. താരന് കാരണമാകുന്ന ഫംഗൽ ഇൻഫ്ലമേഷൻ മാറാനുള്ള നാച്വറൽ ആന്റിസെപ്റ്റിക് ആണ് ബേക്കിങ്ങ് സോഡ. ഇതിൽ 2 ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഇത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്യുക ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക. 

7.കടുക് അരച്ചത്

കടുക് അരച്ച് തലയില്‍ തേച്ച് പുരട്ടി കുളിക്കുക.ഇത് താരനെ ഇല്ലാതാക്കുന്നു


8.പാളയം കോടന്‍ പഴം

പാളയംകോടന്‍ പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക. ഇത് താരനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

9.വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരമിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് ദിവസവും കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കും.

10.ചീവക്കാ പൊടി

ചീവക്കാ പൊടി കഞ്ഞി വെള്ളത്തിൽകലക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും ചെയ്താല്‍ താരന്‍ ഇല്ലാതാവും.