ഹെപ്പറ്റൈറ്റിസ് ബി പകരാം ലൈംഗിക ബന്ധം വഴിയും; അറിയാം ഈ ലക്ഷണങ്ങൾ

Advertisement

കരളിനെ ബാധിക്കുന്ന ഗുരുതരമായ വൈറൽ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് ബി വൈറസ്(എച്ച്ബിവി) വഴിയാണ് ഈ രോഗം പകരുന്നത്. ഇതുമൂലം കരൾ സ്തംഭനം, കരൾ അർബുദം, കരൾ വീക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഒരു വ്യക്തിയിൽ നിന്ന് അടുത്ത വ്യക്തിയിലേക്ക് രക്തം, ശുക്ലം, മറ്റ് ശരീരദ്രവങ്ങൾ എന്നിവ വഴി എച്ച്ബിവി പകരാം. ഇതിനാൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഹെപ്പറ്റൈറ്റിസ് ബി പകരുന്നതിന് കാരണമാകാമെന്ന് ഡോക്ടർമാർ പറയുന്നു.

ഹെപ്പറ്റൈറ്റിസ് ബിയുടെ ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.

  1. പനി

വൈറസ് കരളിനെ ബാധിക്കുമ്പോൾ ഇതിനോടുള്ള ശരീരത്തിൻറെ പ്രതികരണമെന്ന നിലയിൽ പനിയുണ്ടാകാം. ഇതിനൊപ്പം ക്ഷീണം, തലവേദന, സന്ധിവേദന പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം. എന്നാൽ പനി മറ്റ് രോഗങ്ങൾ കാരണവും ഉണ്ടാകാമെന്നതിനാൽ ഇതു കൊണ്ടു മാത്രം ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിക്കാനാവില്ല.

  1. വയറുവേദന

വയറിൻറെ ഭാഗത്തുണ്ടാകുന്ന വേദനയും കരൾ രോഗത്തിൻറെ ലക്ഷണമാണ്. വൈറസ് ബാധിച്ച് ഒന്ന് മുതൽ നാലു മാസങ്ങൾക്കുള്ളിലാണ് ഈ ലക്ഷണങ്ങൾ പ്രകടമാകുക.

  1. കടുത്ത നിറത്തിലെ മൂത്രം

മൂത്രത്തിൻറെ നിറം കടുത്ത് ചായ പോലെയാകുന്നതാണ് ഹെപ്പറ്റൈറ്റിസ് ബിയുടെ മറ്റൊരു ലക്ഷണം. കളിമണ്ണിൻറെ നിറത്തിലുള്ള മലവും ഇതിനെ പറ്റി സൂചന നൽകും. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തേണ്ടതാണ്.

  1. മനംമറിച്ചിലും ഛർദ്ദിയും

ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള കരൾ വീക്കം ഗ്യാസ്ട്രോഇൻറസ്റ്റൈനൽ ലക്ഷണങ്ങൾക്കും കാരണമാകും. മനംമറിച്ചിൽ, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ഇതിൻറെ ഭാഗമായി ഉണ്ടാകുന്നതാണ്.

  1. ചർമത്തിന് മഞ്ഞ നിറം

കരൾ വീക്കവും കരളിനുണ്ടാകുന്ന ക്ഷതവും ശരീരത്തിലെ ബിലിറൂബിൻറെ അംശം വർധിപ്പിക്കും. ഇത് മഞ്ഞപിത്തത്തിലേക്ക് നയിക്കാം. കണ്ണുകൾക്കും ചർമത്തിനും ഇതു മൂലം മഞ്ഞനിറം ശ്രദ്ധയിൽപ്പെടാം.

Advertisement