കഠിന വ്യായാമത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന് ശേഷം ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ദിവസവും വ്യായാമം ചെയ്യാൻ തീരുമാനിച്ചവരുടെ ശ്രദ്ധയ്ക്ക്. വ്യായാമം ചെയ്തും ദേഹമനങ്ങിയും ശീലമില്ലാത്തവർ ആദ്യമായി ഇതൊക്കെ ചെയ്യുമ്പോൾ പേശീവേദനയും മറ്റും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം. ജിമ്മിലാണ് വ്യായാമത്തിനായി പോകുന്നതെങ്കിൽ പ്രത്യേകിച്ചും. കഠിനവ്യായാമം ആരംഭിച്ചിരിക്കുന്നവർക്ക് വർക്ക് ഔട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പർ ആഹാരമാണ് ആൽമണ്ട് അഥവാ ബദാം.

വ്യായാമവുമായി ബന്ധപ്പെട്ട പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം അകറ്റാനും മെച്ചപ്പെട്ട കരുത്ത് കാലുകൾക്ക് നൽകാനും ബദാം നല്ലതാണെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വ്യായാമം ചെയ്തിട്ട് ആൽമണ്ട് കഴിച്ചവരുടെ രക്തത്തിൽ വ്യായാമം ചെയ്തിട്ട് ആൽമണ്ട് കഴിക്കാത്തവരെ അപേക്ഷിച്ച് 12, 13 ഡൈഹൈഡ്രോക്സി– 9Z- ഒക്ടഡീകനോയ്ക് ആസിഡ് (12.13.Di HOME) എന്ന ഗുണകരമായ കൊഴുപ്പ് അധികമായി കണ്ടെത്തിയതായി അപ്ലാച്ചിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹ്യൂമൻ പെർഫോമൻസ് ലബോറട്ടറി പ്രഫസറും ഡയറക്ടറുമായ ഡോ. ഡേവിഡ് സി. നൈനാൻ നടത്തിയ പഠനം പറയുന്നു.

വ്യായാമത്തിന് ശേഷമുള്ള ശരീരത്തിന്റെ സുഖപ്പെടുത്തൽ പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന ഫാറ്റി ആസിഡാണ് 12.13.Di HOME. ദിവസവും 57 ഗ്രാം ആൽമണ്ട് ഒരു മാസത്തേക്ക് കഴിച്ചവരിൽ ഇത് കഴിക്കാത്തവരെ അപേക്ഷിച്ച് 69% അധികം 12.13.Di HOME കണ്ടെത്തി. 30 നും 65 നും ഇടയിൽ പ്രായമുള്ള 38 പുരുഷന്മാരിലും 26 സ്ത്രീകളിലുമാണ് ഗവേഷണം നടത്തിയത്. ഇവരാരും തന്നെ മുൻപ് നിത്യവും വെയ്റ്റ് ട്രെയ്നിങ്ങ് നടത്തിയവർ ആയിരുന്നില്ല.

ഗവേഷണത്തിന്റെ ഭാഗമായി ഇവരുടെ രക്തമൂത്ര സാംപിളുകൾ ആൽമണ്ട് ഡയറ്റ് ആരംഭിക്കുന്നതിന് മുൻപും അതിന് ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി. 30 സെക്കന്‍ഡ് വിൻഗേറ്റ് അനെയറോബിക് ടെസ്റ്റ്, 50 മീറ്റർ ഷട്ടിൽ റൺ ടെസ്റ്റ്, വെർട്ടിക്കൽ ജംപ്, ബഞ്ച് പ്രസ്, ലെഗ്–ബാക്ക് സ്ട്രെങ്ത് വ്യായാമം എന്നിങ്ങനെ പലതരം മാർഗങ്ങളിലൂടെ കായികക്ഷമത വിലയിരുത്തി. വ്യായാമത്തിന്ശേഷമുള്ള മാനസിക നില പ്രൊഫൈൽ ഓഫ് മൂഡ് സ്റ്റേറ്റസ് എന്ന ചോദ്യാവലിയിലൂടെയും നിർണയിക്കപ്പെട്ടു.

ആൽമണ്ട് കഴിച്ച വ്യായാമ ഗ്രൂപ്പിൽ 12.13.Di HOME അധികമായി കണ്ടപ്പോൾ ആൽമണ്ട് കഴിക്കാത്തവരിൽ 9.10.Di HOME എന്ന ഓക്സിലിപിൻ ആണ് അധികമായി കാണപ്പെട്ടത്. ഇത് ആരോഗ്യത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നതും പേശീകളുെട വീണ്ടെടുപ്പിനെ വൈകിപ്പിക്കുന്നതുമാണ്. ആൽമണ്ടിൽ പോളിഫെനോളുകൾ, ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിൻ ഇ, ധാതുക്കൾ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചയാപചയം മെച്ചപ്പെടുത്തുകയും നീർക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യുമെന്നും ഡോ. ഡേവിഡ് ചൂണ്ടിക്കാട്ടി. ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂ‍ട്രീഷനിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Advertisement