അഞ്ച് ബാക്ടീരിയകൾ മൂലം 2019ൽ ഇന്ത്യയിൽ മരണപ്പെട്ടത് 6.8 ലക്ഷം പേരെന്ന് ലാൻസെറ്റ് പഠനം

ന്യൂയോർക്ക്: ഇ-കോളി, എസ്. ന്യുമോണിയെ, കെ.ന്യുമോണിയെ, എസ്.ഓറിയസ്, എ.ബൗമനി എന്നീ അഞ്ച് ബാക്ടീരിയകൾ മൂലം മാത്രം 2019ൽ ഇന്ത്യയിൽ സംഭവിച്ചത് 6.8 ലക്ഷം മരണങ്ങളാണെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗ മരണങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം മരണം സംഭവിക്കുന്നത് ബാക്ടീരിയൽ അണുബാധകൾ മൂലമാണെന്നും ഗവേഷണ റിപ്പോർട്ട് പറയുന്നു. 2019ൽ ആഗോള തലത്തിലെ എട്ടിലൊരു മരണം ബാക്ടീരിയൽ അണുബാധ മൂലമായിരുന്നു.

33 ബാക്ടീരിയൽ അണുബാധകളുമായി ബന്ധപ്പെട്ട് 77 ലക്ഷം പേരാണ് 2019ൽ ലോകമെങ്ങും മരണപ്പെട്ടത്. ഇതിൽ പകുതിയിലധികവും അഞ്ച് ബാക്ടീരിയകൾ മൂലമായിരുന്നു. ആഗോള മരണങ്ങളുടെ 13.6 ശതമാനവും ബാക്ടീരിയ മൂലമാണെന്നും കണക്കാക്കപ്പെടുന്നു. 77 ലക്ഷം മരണങ്ങളിൽ 75 ശതമാനത്തിലധികവും സംഭവിച്ചത് ശ്വാസകോശത്തിലെയും രക്തപ്രവാഹത്തിലെയും അടിവയറ്റിലെയും അണുബാധകൾ മൂലമാണ്.

ബാക്ടീരിയൽ അണുബാധകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം മരണം വിതച്ചത് ഇ-കോളി ബാക്ടീരിയയാണ്. 2019ൽ 1.57 ലക്ഷം പേരാണ് ഈ ബാക്ടീരിയയ്ക്ക് കീഴടങ്ങിയത്. എച്ച്ഐവി എയ്ഡ്സ് മരണങ്ങളേക്കാൾ(8.64 ലക്ഷം) കൂടുതൽ മരണം വിതയ്ക്കാൻ എസ്.ഓറിയസ്, ഇ-കോളി ബാക്ടീരിയകൾക്ക് 2019ൽ സാധിച്ചതായും പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺസ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നു.

ആഗോള തലത്തിലെ കണക്കെടുത്താൽ ഏറ്റവുമധികം മരണകാരണമായ ബാക്ടീരിയ എസ്.ഓറിയസ് ആണ്. 11 ലക്ഷം മരണങ്ങളാണ് ഇതു മൂലം 2019ൽ ഉണ്ടായത്. ബാക്ടീരിയൽ അണുബാധകൾ മൂലമുള്ള മരണനിരക്ക് ഏറ്റവുമധികം കാണപ്പെട്ടത് സബ് സഹാറൻ ആഫ്രിക്കൻ പ്രദേശത്താണ്. ഒരു ലക്ഷത്തിൽ 230 മരണങ്ങൾ എന്നതാണ് ഇവിടുത്തെ നിരക്ക്. മരണ നിരക്ക് കുറവുള്ളത് പടിഞ്ഞാറൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയും സമീപ ദ്വീപുകളും ഉൾപ്പെടുന്ന ഓസ്ട്രേലേഷ്യയിലുമാണ്. ഒരു ലക്ഷത്തിൽ 52 ബാക്ടീരിയൽ മരണങ്ങളാണ് ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കൂടുതൽ രോഗനിർണയ ലാബ് ശേഷികളോട് കൂടിയ ശക്തമായ ആരോഗ്യസംവിധാനം, നിയന്ത്രണ നടപടികൾ, വിവേകത്തോട് കൂടിയ ആൻറിബയോട്ടിക് ഉപയോഗം എന്നിവയെല്ലാം ബാക്ടീരിയൽ അണുബാധകളെ നേരിടാൻ ആവശ്യമാണെന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നു.

Advertisement