മുംബൈ: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌കൂൾ തുറക്കുന്ന സന്തോഷത്തിലാണ് നടി നവ്യ നായർ.മകൻ സായിയും യൂണിഫോം ഇട്ട് സ്‌കൂളിലെത്തി.എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറച്ചു കൊണ്ടാണ് മകന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

‘നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം സ്‌കൂൾ വീണ്ടും തുറക്കുന്നു … എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ’-നവ്യ കുറിച്ചു. യൂണിഫോമുമിട്ട് ബാഗും ലഞ്ചുബോക്സുമൊക്കെയായി നിൽക്കുന്ന മകനോടും സ്കൂൾ ടീച്ചറോടും ഒപ്പമാണ് നവ്യ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലാണ് നവ്യയുടെ മകൻ പഠിക്കുന്നത്. നവ്യയുടെ മകൻ സായിയും ഭർത്താവ് സന്തോഷ് മേനോനും ആരാധകർക്ക് സുപരിചിതനാണ്. കുടുംബത്തിൻറെ ഓരോ വിശേഷങ്ങളും നവ്യ ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. പുലർച്ചെ ക്ഷേത്ര സന്ദർശനം നടത്തിയ ശേഷമുള്ള ചിത്രങ്ങളും നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ നവ്യ അഭിനയിച്ച ഒരുത്തീ എന്ന ചിത്രം അടുത്തിടെയാണ് തീയേറ്ററുകളിലും ഒടിടിയിലും എത്തിയിരുന്നത്. പത്തുവർഷത്തിന് ശേഷമാണ് താരം മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.തന്റെ മകനും താരവും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണ് വി കെ പ്രകാശ് സംവിധാനംചെയ്ത ഒരുത്തീ.

ഇന്നും ആരാധകരേറെയുള്ള കഥാപാത്രമാണ് നവ്യ നായികയായ നന്ദനത്തിലെ ബാലാമണി. നവ്യ നായർ എന്ന പേരിനൊപ്പം മലയാളികൾ ഇന്നും ചേർത്തുവെക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രം കൂടിയാണ് ബാലാമണി. നവ്യയുടെ കരിയർ ബെസ്റ്റ് എന്നുതന്നെ പറയാൻ സാധിക്കുന്ന ആ കഥാപാത്രത്തിൻറെ പേരിനോട് സാമ്യമുള്ള പേര് തന്നെയായിരുന്നു താരത്തിന് ഒരുത്തീയിലെ കഥാപാത്രത്തിനും ഉണ്ടായിരുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിൽ നവ്യ അവതരിപ്പിച്ച കഥാപാത്രത്തിന് പേര് രാധാമണി എന്നായിരുന്നു.