ന്യൂഡൽഹി: മോഹൻലാലിന്റെ മരക്കാറും സൂര്യയുടെ ജയ് ഭീമും ഓസ്‌കാർ ചുരുക്കപ്പട്ടികയിൽ.

ഗ്ലോബൽ കമ്യൂനിറ്റി ഓസ്‌കാർ അവാർഡുകൾക്കുള്ള ഇൻഡ്യയിലെ നാമനിർദേശ പട്ടികയിലാണ് മികച്ച ഫീച്ചർ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടം നേടിയിരിക്കുന്നത്.

ചരിത്രപുരുഷൻ കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’ മികച്ച ഫീചർ സിനിമ, സ്‌പെഷ്യൽ എഫക്‌ട്‌സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി ഡിസംബർ രണ്ടിനാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ റിലീസ് ചെയ്തത്.

276 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ മരക്കാറിനൊപ്പം ടി ജെ ജ്ഞാനവേൽ സംവിധാനം ‘ജയ് ഭീം’ എന്ന തമിഴ് ചിത്രവും ഇടംപിടിച്ചത്. ഇരുള സമുദായത്തിന് നേരിടേണ്ടി വന്ന ജാതി വിവേചനത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം നിരൂപക-പ്രേക്ഷക പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. ഈ വർഷം ഫെബ്രുവരി എട്ടിന് അന്തിമ നോമിനേഷൻ പട്ടിക പുറത്തുവിടും.