സൂപ്പർ സ്റ്റാർ  രജനീകാന്തിൻ്റെ ദീപാവലി ചിത്രം അണ്ണാത്തെ തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മൂന്നറുകയാണ്.

ബിഗ് ബഡ്ജറ്റ് ചിത്രമായ അണ്ണാത്തെ ഒ ടി ടി യ്ക്ക് കൊടുക്കാതെ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു

സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ലോകമെമ്പാടുമായി ചിത്രം 100 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

രജനികാന്ത് ആരാധകരെ ഹരം കൊള്ളിക്കുന്ന തരത്തിൽ മാസ്, ആക്ഷൻ, കോമഡി, ഫാമിലി എലമെന്റുകൾ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 70 കോടി നേടിയെന്നാണ് റിപ്പോർട്ട്.

തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യ ദിനം 35 കോടിയോളം നേടിയെന്നും ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പുറത്തുവിട്ട കണക്കിൽ പറയുന്നു.

കൊവിഡ് പ്രതിസന്ധി മറികടന്ന് കൊണ്ടിരിക്കുന്ന സിനിമാ മേഖലയ്ക്ക് ഉണർവാകുന്ന തരത്തിൽ ചിത്രം റെക്കോർഡ് വിജയമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായികയായെത്തുന്നത്. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.