വഴിയോരക്കച്ചവടക്കാരില്‍ നിന്നും വിലപേശി ബാഗുകള്‍ വാങ്ങുന്ന തെന്നിന്ത്യന്‍ താരം നയന്‍താരയുടെ വീഡിയോ വൈറലാവുന്നു.


താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങും വഴിയാണ് നയന്‍താര വഴിയോര കച്ചവടക്കാരനില്‍നിന്നും ബാഗ് വാങ്ങുന്നതെന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്.

വെളുത്ത സല്‍വാറും മാസ്കും നെറ്റിയില്‍ കുങ്കുമവും അണിഞ്ഞാണ് താരത്തിനെ വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇത് എവിടെ നിന്ന് പകര്‍ത്തിയ വീഡിയോ ആണെന്നോ എന്ന് എടുത്ത വീഡിയോ ആണെന്നോ വ്യക്തമല്ല.

ഇതേ വേഷത്തിലുള്ള നയന്‍സിന്റെ ചിത്രങ്ങള്‍ താരത്തിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് വീഡിയോയില്‍ ഉള്ളത് നയന്‍താര തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിക്കുന്നത്.

രജനീകാന്ത് നായകനായെത്തുന്ന അണ്ണാത്തെ ആണ് നയന്‍താരയുടേതായി പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലും നയന്‍താരയാണ് നായിക.