മംഗലശ്ശേരി നീലകണ്ഠന്‍ എന്ന താന്തോന്നി പ്രമാണിയെ സ്‌നേഹംകൊണ്ട് തോല്‍പ്പിച്ച ഭാനുമതി. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ദേവാസുരത്തിലെ ആ നായകനെയും നായികയെയും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മോഹന്‍ലാലും രേവതിയും ചേര്‍ന്ന് അവിസ്മരണീയമാക്കിയത് ജീവിതത്തിലെ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്.
രാജഗോപാലും ലക്ഷ്മിയും ഒന്നിച്ചതിന്റെ വാര്‍ഷികത്തില്‍ സ്‌ക്രീനിലെ ഭാനുമതിയായ രേവതിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് അവരുടെ കൊച്ചുമകളാണ്. രാജഗോപാല്‍ ഇന്നില്ല. 2002ല്‍ അദ്ദേഹം അന്തരിച്ചു.

മുല്ലശ്ശേരി രാജഗോപാലിന്റെ 23-ാം ചരമവാര്‍ഷികമാണിന്ന്. മുല്ലശ്ശേരി രാജാഗോപാലിനെക്കുറിച്ച് ബന്ധുവും മാധ്യമ പ്രവര്‍ത്തകനുമായ രവി മേനോന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തങ്ങള്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയെക്കുറിച്ചും രാജഗോപാലിന്റെ മരണത്തെക്കുറിച്ചുമൊക്കെയാണ് രവി മേനോന്‍ കുറിപ്പില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
യഥാര്‍ത്ഥ ‘ദേവാസുരന്‍’ ഓര്‍മ്മയായിട്ട് 23 വര്‍ഷം
‘ലാലേ സത്യത്തില്‍ നീലകണ്ഠന്‍ എത്ര മാന്യനാ….’
മുല്ലശ്ശേരിയുടെ പൂമുഖത്ത് കണ്ണുകള്‍ പൂട്ടി നീണ്ടു നിവര്‍ന്നു കിടക്കുന്നു രാജുമ്മാമ. ഉറങ്ങുകയാണെന്നേ തോന്നൂ ; ശാന്തമായ ഉറക്കം . ചുറ്റും വേദന ഘനീഭവിച്ചു നില്ക്കുന്നു. പക്ഷെ ആരും കണ്ണീര്‍ പൊഴിക്കുന്നില്ല. ‘ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ കരഞ്ഞു പോകരുത് ഒരുത്തനും . വിലകുറഞ്ഞ സെന്റിമെന്റ്സ് എനിക്കിഷ്ടല്ല . ആരെങ്കിലും കരഞ്ഞു കണ്ടാല്‍ എഴുന്നേറ്റുവന്ന് രണ്ടെണ്ണം പൊട്ടിക്കും ഞാന്‍ ..” — ജീവിച്ചിരിക്കുമ്പോള്‍ രാജുമ്മാമ നല്‍കിയ കര്‍ശനമായ ഉത്തരവ് അക്ഷരം പ്രതി പാലിക്കുന്നു എല്ലാവരും — കൈകളില്‍ മുഖമമര്‍ത്തി നിശബ്ദയായി ചുമരില്‍ ചാരിയിരിക്കുന്ന ബേബിമ്മായിയും നിലത്തിരുന്ന് അച്ഛന്റെ നെറ്റിയില്‍ പതുക്കെ തലോടുന്ന നാരായണിയും മുറ്റത്തെ തിരക്കിലും ബഹളത്തിലും നിന്നകലെ താടിക്ക് കൈകൊടുത്തു നില്‍ക്കുന്ന ആത്മ സുഹൃത്ത് സുരേന്ദ്രനും ടി സി കോയയും മനോജും ആനന്ദും ലക്ഷ്മിയമ്മയും എല്ലാം .
മരിച്ചാല്‍ ചെയ്യേണ്ട ‘ക്രിയകള്‍” എന്തൊക്കെയെന്ന് ഒരിക്കല്‍ അടുത്തു വിളിച്ചിരുത്തി വിവരിച്ചു തന്നിട്ടുണ്ട് രാജുമ്മാമ . ‘കുളിപ്പിച്ച് സുന്ദരനാക്കി പൗഡറിട്ട് കിടത്തണം . സ്‌കോച്ച് വിസ്‌കി കൊണ്ടേ കുളിപ്പിക്കാവൂ . പൊലീസുകാര്‍ ചുറ്റും നിന്ന് വെടിവഴിപാട് നടത്തുന്നതില്‍ വിരോധമില്ല . പക്ഷെ പുരുഷ പോലീസ് വേണ്ട. സുന്ദരികളായ വനിതാ പോലീസുകാര്‍ മതി . മറ്റൊരാഗ്രഹം കൂടിയുണ്ട് . എന്നെ കൊണ്ട് പോകും വഴി , കുമാരിമാരുടെ ഒരു ഗാഡ് ഓഫ് ഓണര്‍ വേണം , അസ്സല്‍ സുന്ദരിമാരുടെ. പശ്ചാത്തലത്തില്‍ റഫിയുടെയും യേശുദാസിന്റെയും സുശീലയുടെയും പ്രണയഗാനങ്ങള്‍ മുഴങ്ങിക്കൊണ്ടേയിരിക്കണം. ശരിക്കും ഒരു ആഘോഷമാക്കണം എന്റെ മരണം , ഇല്ലെങ്കില്‍ ഈ ആത്മാവിനു ശാന്തി കിട്ടില്ല .”
മുപ്പതു വര്‍ഷത്തോളമായി ശരീരത്തിന്റെ ഒട്ടു മുക്കാലും തളര്‍ന്ന് കിടക്കയില്‍ ഒതുങ്ങിക്കൂടുമ്പോഴും ജീവിതത്തെ പ്രസാദാത്മകമായി മാത്രം കണ്ട ഒരു സാധാരണ മനുഷ്യന്റെ അസാധാരണ മനസ്സ് മുഴുവന്‍ ഉണ്ടായിരുന്നു ആ വാക്കുകളില്‍ .
ഇന്നോര്‍ക്കുമ്പോള്‍ രസം തോന്നും . പക്ഷെ 23 വര്‍ഷം മുന്‍പ് രാജുമ്മാമ മരിച്ച ദിവസം അതായിരുന്നില്ല സ്ഥിതി. തലേന്ന് കിടക്കയില്‍ മലര്‍ന്നു കിടന്നു വെടിവട്ടം പറയുകയും ഒരുമിച്ചു പാട്ട് കേള്‍ക്കുകയും നാളെ കാണണം എന്ന് പറഞ്ഞു യാത്രയാക്കുകയും ചെയ്ത മനുഷ്യനെ വിറങ്ങലിച്ച ശരീരമായി കാണാന്‍ പോകുകയാണ് ഞാന്‍ . ചാലപ്പുറത്തെ വീട്ടിലേക്കുള്ള യാത്രയില്‍ ഉടനീളം രാജുമ്മാമയുടെ വാക്കുകളായിരുന്നു മനസ്സില്‍ : ‘ഇയ്യിടെയായി മരിച്ചുപോയ പലരും സ്വപ്നത്തില്‍ വരുന്നു — അമ്മയും അച്ഛനും എട്ത്തിയും ഏട്ടനും ഒക്കെ. പഴയ മുല്ലശ്ശേരി തറവാടിന്റെ പൂമുഖത്ത് നിരന്നിരിക്കുന്നു അവര്‍. എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാവണം ..” അകലെയേതോ നിഴല്‍ വഴികളില്‍ പതുങ്ങിനിന്ന മരണത്തിന്റെ നേര്‍ത്ത കാലൊച്ചകള്‍ കേട്ടിരിക്കുമോ രാജുമ്മാമ ?

മരണവാര്‍ത്തയറിഞ്ഞു ജനം മുല്ലശേരിയിലേക്ക് പ്രവഹിച്ചു തുടങ്ങിയിരുന്നു . മുല്ലശ്ശേരി രാജഗോപാലിന്റെ പ്രതിരൂപമായ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ കാണാന്‍ എത്തിയവരായിരുന്നു ഏറെയും . അന്ത്യോപചാരം അര്‍പ്പിക്കാന്‍ മോഹന്‍ലാല്‍ വരാതിരിക്കില്ലെന്നുറപ്പിച്ച് മതിലിനപ്പുറത്ത് കൂട്ടം കൂടി നിന്നു ആരാധകര്‍. ടെലിവിഷന്‍ ക്യാമറകള്‍ മുറ്റത്തെ ആള്‍ക്കൂട്ടത്തില്‍ സിലബ്രിറ്റികളെ തിരഞ്ഞു . ബന്ധുക്കളില്‍ ചിലര്‍ ബേബിമ്മായിക്ക് കൂട്ടായി തണുത്തു വിറങ്ങലിച്ച നിലത്തു ചമ്രം പടിഞ്ഞിരുന്നു . മറ്റുള്ളവര്‍ അടുക്കളയില്‍ ഇരുന്ന് പതിഞ്ഞ സ്വരത്തില്‍ ബേബിമ്മായിയുടെയും നാരായണിയുടെയും ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്തു . കൊച്ചുകുഞ്ഞിന്റെ മുഖഭാവവുമായി നിലത്ത് കിടന്നുറങ്ങുന്ന രാജുമ്മാമയുടെ മുഖത്തേക്ക് ഒന്നു കൂടി പാളി നോക്കി ഞാന്‍. ഒരു നേര്‍ത്ത പുഞ്ചിരി തങ്ങി നില്‍ക്കുന്നില്ലേ അവിടെ ? പരിഹാസത്തില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി ?
അമ്മമ്മയുടെ ഏടത്തിയുടെ മകനാണ് രാജുമ്മാമ . അമ്മയുടെ പ്രിയപ്പെട്ട രാജ്വേട്ടന്‍. വെക്കേഷന്‍ കാലത്ത് ക്ലാരിയിലെ ഞങ്ങളുടെ തറവാട്ടു വീട്ടില്‍ താമസിക്കാനെത്തുന്ന രാജ്വേട്ടനെ കുറിച്ച് അമ്മ ഒരു പാട് പറഞ്ഞു കേട്ടിട്ടുണ്ട് . ഷര്‍ട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി , നെറ്റിയിലേക്ക് വീണു കിടക്കുന്ന കുരുവിക്കൂട് കൈകൊണ്ടു ഒതുക്കി വെച്ച് സദാ പുഞ്ചിരിക്കുന്ന മുഖവുമായി പടിപ്പുര കടന്നുവരുന്ന സുമുഖനായ ഏട്ടന്‍ അനിയത്തിമാര്‍ക്കെല്ലാം ഹീറോ ആയിരുന്നു . പെങ്ങമ്മാരെ ഏട്ടനും ജീവന്‍ . അവര്‍ക്ക് വേണ്ടി എന്ത് സാഹസവും ചെയ്യും. പറങ്കിമാവിന്റെ മുകളില്‍ കൊത്തിപ്പിടിച്ചു കയറും ; കാവിലെ മാവില്‍ നിന്ന് നീലന്‍മാങ്ങ എറിഞ്ഞു വീഴ്ത്തും ; തൊട്ടപ്പുറത്തെ തൊടിയുടെ മതിലില്‍ കയറിയിരുന്ന് കമന്റടിക്കുന്ന പൂവാലന്‍ ചെക്കന്മാരെ ഓടിച്ചു വിടും.
മുല്ലശ്ശേരിയുടെ അകത്തളത്തില്‍ ഇരുന്നു ആ കഥകള്‍ അമ്മ ഓര്‍ത്തെടുക്കുമ്പോള്‍ , ഇടയ്ക്കു കയറി രാജുമ്മാമ ചോദിച്ചു : ‘അല്ല നാരാണ്‍ട്ടീ , അന്നവിടെ നെല്ല് കുത്താന്‍ വന്നിരുന്ന ഒരു പെണ്ണില്ലേ ? നീണ്ട കണ്ണുകളും കഴുത്തില്‍ കാക്കപ്പുള്ളിയും ഒക്കെയുള്ള ഒരു സുന്ദരി .. ജാനു എന്നോ മറ്റോ ആണ് പേര്. അവളിപ്പോ എവിടെയാന്ന് അറിയുമോ ?” അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നില്‍ പകച്ചിരുന്നു പാവം അമ്മ. ‘കണ്ടില്ല്യേ രാജ്വേട്ടന്റെ തനി സ്വഭാവം പൊറത്തു വന്നത് ? എന്താ ചെയ്യുക, ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെയേ ഇഷ്ടള്ളൂന്ന് വന്നാല്‍ … ” തൊട്ടടുത്തിരുന്ന് ബേബിമ്മായി പരിഭവിച്ചപ്പോള്‍ , കണ്ണിറുക്കി പൊട്ടിച്ചിരിക്കുന്ന രാജുമ്മാമയുടെ ചിത്രം എങ്ങനെ മറക്കും ?
ഓരോ ചിരിയും അവസാനിക്കുക നിലയ്ക്കാത്ത ചുമയിലാണ് . കണ്ണുകളില്‍ വെള്ളം നിറയും അപ്പോള്‍ ; ശ്വാസം മുട്ടും; ശരീരമാസകലം വിറയ്ക്കും . ‘ഇങ്ങനെ ചിരിച്ചുകൊണ്ട് മരിക്കണം. ഗുരുവായൂരപ്പനോടുള്ള എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന അതാണ് ”– അമ്മാമയുടെ വാക്കുകള്‍ .
രാജുമ്മാമയെ ആദ്യം കണ്ടത് സ്‌കൂള്‍ ജീവിത കാലത്താണ് – ഒരു വെക്കേഷന് അമ്മമ്മയോടൊപ്പം മുല്ലശ്ശേരിയില്‍ ചെന്നപ്പോള്‍ . ഇന്നത്തെ പോലെ മൂന്നു മുറികള്‍ മാത്രമുള്ള കൊച്ചു വീടല്ല പഴയ മുല്ലശ്ശേരി . നടുമുറ്റവും തളവും വലിയ മുറികളും നിറയെ ജോലിക്കാരും ഒക്കെയുള്ള തറവാട്ടു വീട് . അന്നത്തെ നാണം കുണുങ്ങിയായ എട്ടാം ക്ലാസുകാരനെ നിര്‍ബന്ധിച്ചു രാജുമ്മാമ കിടന്ന കട്ടിലിനു മുന്നിലേക്ക് വലിച്ചു നിര്‍ത്തി അമ്മമ്മ പറഞ്ഞു : ‘ബാലാജിടെ (രാജുമ്മാമയുടെ ജ്യേഷ്ഠന്‍ കെ പി ബാലാജി അന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകന്‍ ) വഴിക്കാ ഇയാള് ന്നു തോന്നുണു . ഒരൂട്ടൊക്കെ എഴുതണതും വരയ്ക്കണതും കാണാം .” അമ്മമ്മ വാങ്ങിത്തന്ന അമര്‍ ചിത്രകഥ കയ്യില്‍ ചുരുട്ടിപ്പിടിച്ചു സങ്കോചത്തോടെ കട്ടിലിന്റെ കാലില്‍ ചാരിനിന്ന എന്റെ കവിളത്തു മെല്ലെ തട്ടി രാജുമ്മാമ പറഞ്ഞു : ‘നന്നായി . പക്ഷെ ഓനൊരു കള്ളലക്ഷണംണ്ട് മൊഖത്ത് . ചെക്കന്‍ എന്റെ വഴിക്കാന്നാ തോന്നണെ ..” ചുറ്റുമുള്ളവര്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ കാര്യമറിയാതെ പകച്ചുനില്ക്കുകയായിരുന്നു ഞാന്‍ എന്ന് പില്‍ക്കാലത്ത് രാജുമ്മാമ പറഞ്ഞു കേട്ടിട്ടുണ്ട് – വര്‍ഷങ്ങള്‍ക്കു ശേഷം..
1970 കളുടെ തുടക്കത്തിലെപ്പോഴോ വയനാടന്‍ ചുരത്തില്‍ വെച്ചുണ്ടായ ഒരു ബൈക്കപകടമാണ് രാജുമ്മാമയെ എന്നെന്നേക്കുമായി കിടക്കയില്‍ തളച്ചത് . കാല്‍വിരലില്‍ നിന്ന് പതുക്കെ കയറി വന്ന തരിപ്പ് കഴുത്തറ്റം എത്താന്‍ ഒന്ന് രണ്ടു വര്‍ഷമെടുത്തു എന്ന് മാത്രം. എണ്ണകളും തൈലങ്ങളും ഗുളികകളും ഒക്കെ വിധിയോട് തോറ്റു തുന്നം പാടിയിരുന്നു അതിനകം . കഴുത്തില്‍ നിന്ന് ആ തളര്‍ച്ച മുകളിലേക്ക് പടരാതെ തടഞ്ഞത് രാജുമ്മാമയുടെ ഉറച്ച മനസ്സാണെന്ന് തോന്നിയിട്ടുണ്ട് . ‘മറ്റെല്ലാ അവയവങ്ങളും നിശ്ചലമായാലും കാതുകളെ വെറുതെ വിടണേ എന്നായിരുന്നു അന്നൊക്കെ ഈശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥന. കേള്‍വി നശിച്ചാല്‍ പിന്നെങ്ങനെ പാട്ട് കേള്‍ക്കും ? നിശബ്ദത സഹിക്കാനാവില്യ എനിക്ക്, ഭ്രാന്തു പിടിക്കും .” സത്യമായിരുന്നു അത് .
ആള്‍ക്കൂട്ടങ്ങളെയും ശബ്ദഘോഷത്തേയും എന്നും മതിമറന്നു സ്നേഹിച്ചു അമ്മാമ; ഏകാന്തതയെ വെറുത്തു . രാവും പകലുമെന്നില്ലാതെ ടേപ്പ് റെക്കോര്‍ഡറും ഗ്രാമഫോണും അദ്ദേഹത്തിനു വേണ്ടി പാടിക്കൊണ്ടേയിരുന്നു; അല്ലാത്തപ്പോള്‍ നിലത്തു ജമുക്കാളം വിരിച്ചിരുന്നു കോഴിക്കോട്ടെ പാട്ടുകാരും — റഫിയുടേയും യേശുദാസിന്റെയും മെഹ്ദി ഹസ്സന്റെയും ഗുലാം അലിയുടെയും തലത്തിന്റെയും ഒക്കെ ഗാനങ്ങള്‍ മുഴങ്ങിയ മെഹഫിലുകള്‍ . മദ്യചഷകങ്ങള്‍ നിറയുകയും ഒഴിയുകയും വീണ്ടും നിറയുകയും ചെയ്തുകൊണ്ടിരിക്കും അപ്പോള്‍ .
തന്നെ കാണാനെത്തിയ ‘ദേവാസുര’ത്തിലെ നായകന്‍ മോഹന്‍ലാലിനോട് ഒരിക്കല്‍ രാജുമ്മാമ പറഞ്ഞു : ‘ലാലേ സത്യത്തില്‍ നിന്റെ നീലകണ്ഠന്‍ എത്ര മാന്യനാ. എന്റെ വില്ലത്തരത്തിന്റെ പകുതിയേ ഉള്ളൂ അവന്റെ കയ്യില്‍ . മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഏശാത്തവനാ ഞാന്‍ . കടിച്ചാല്‍ കടിച്ച പാമ്പ് ചത്തിരിക്കും ..” ലാല്‍ അത് വിശ്വസിച്ചോ ആവോ .വെറുതെ പറയുകയായിരുന്നു രാജുമ്മാമ എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം . നന്മയും സ്നേഹവുമായിരുന്നു ആ മനസ്സ് നിറയെ . ആരോടുമില്ല തരിമ്പും പക . ഏതു മുണ്ടക്കല്‍ ശേഖരനെയും സ്നേഹമസൃണമായ ഒരു പുഞ്ചിരി കൊണ്ട് കീഴ്പ്പെടുത്താന്‍ കഴിയുമായിരുന്നു അദ്ദേഹത്തിന്. അല്‍പമെങ്കിലും കോപിച്ചു കണ്ടിട്ടുള്ളത് സഹതാപ പ്രകടനവും മുതലക്കണ്ണീരുമായി എത്തുന്നവരോട് മാത്രം.
കോടീശ്വരന്മാര്‍ക്കും ഗതികിട്ടാപാവങ്ങള്‍ക്കും തുല്യ നീതിയായിരുന്നു രാജുമ്മാമയുടെ ‘ദര്‍ബാറി’ല്‍ . വീട്ടില്‍ കടന്നു വരുന്ന ആരേയും — അസമയത്താനെങ്കില്‍ പോലും — ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ വിടരുതെന്ന രാജുമ്മാമയുടെ കല്പന പരിഭവമൊട്ടുമില്ലാതെ ശിരസാ വഹിക്കുന്ന ബേബിമ്മായിയെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍ .
ദേവരാജന്‍ മാഷുമൊത്ത് രാജുമ്മാമയെ കാണാന്‍ ചെന്നതോര്‍മ്മ വരുന്നു . മാഷെ കണ്ടപ്പോള്‍ കിടന്ന കിടപ്പില്‍ കൈ കൂപ്പാന്‍ ശ്രമിച്ചു അദ്ദേഹം . പരാജയപ്പെട്ടപ്പോള്‍ ഇടറുന്ന വാക്കുകളില്‍ പറഞ്ഞു : ‘ചെന്നൈയില്‍ കറങ്ങി നടന്നിരുന്ന കാലത്ത് മാഷെ പല തവണ ദൂരെ നിന്ന് കണ്ടിട്ടുണ്ട് . പരിചയപ്പെടാന്‍ മോഹിച്ചിരുന്നു അന്ന് . പക്ഷെ ധൈര്യം വന്നില്ല . അത്രയും പേടിപ്പെടുത്തുന്ന കഥകളാണ് മാഷെ പറ്റി കേട്ടിരുന്നത് . . ഇന്നിപ്പോ എന്നെ കാണാന്‍ മാഷ് ഇവിടെ എന്റെ കിടക്കക്ക് അരികില്‍ വന്നിരിക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് ഒന്ന് തൊഴാന്‍ പോലും ആകുന്നില്ല എനിക്ക് . ക്ഷമിക്കണം .” അന്ന് രാജുമ്മാമയെ കണ്ടു തിരിച്ചു പോകുമ്പോള്‍ മാഷ് പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ കാതിലുണ്ട് : ‘ഈശ്വരവിശ്വാസിയല്ല ഞാന്‍ . എങ്കിലും ആ മനുഷ്യനെ ഒന്ന് എഴുന്നേറ്റു നടത്താന്‍ ഏതെങ്കിലും ദൈവത്തിനു കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു . ..”
മുല്ലശ്ശേരിയുടെ കിടപ്പുമുറിയുടെ ജനാലയിലൂടെ കാണുന്ന പച്ചപ്പ് നിറഞ്ഞ മുറ്റം ആയിരുന്നു രാജുമ്മാമയുടെ ഏകാന്ത സുന്ദര ലോകം . അവിടെ പടര്‍ന്നു പന്തലിച്ചു നിന്ന മരങ്ങളെയും അവയില്‍ കൂടുകൂട്ടി പാര്‍ത്ത കിളികളെയും താഴെ ഓടിക്കളിച്ച അണ്ണാറക്കണ്ണന്മാരെയും അരണകളെയും ചുറ്റും വിരിഞ്ഞു നിന്ന പൂക്കളേയും എല്ലാം ജീവന് തുല്യം സ്നേഹിച്ചു അദ്ദേഹം. ജനലരികിലെ ചക്രക്കസേരയില്‍ ഇരുന്നു അവയോടു നിരന്തരം സല്ലപിച്ചു . അവയുടെ ആഹ്ളാദങ്ങളിലും വേദനകളിലും ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ പങ്കു ചേര്‍ന്നു . മരക്കൊമ്പില്‍ നിന്ന് താഴെ വീണു പിടഞ്ഞ ഒരു അണ്ണാന്‍ കുഞ്ഞിനെ സ്നേഹ വാത്സല്യങ്ങളോടെ നോക്കിയിരിക്കുന്ന രാജുമ്മാമയുടെ ചിത്രം മറക്കാനാവില്ല . ‘ആ അണ്ണാന്‍ കുട്ടിയെ എടുത്തു കൊണ്ട് പോയി കുറച്ചു വെള്ളം കൊടുക്ക് നീ. അതിനെ വളര്‍ത്താം നമുക്ക് . ഇവിടെ ഒരു കൂട്ടില്‍ ഇട്ട് ..” അടുത്തിരുന്ന എന്നോട് അമ്മാമ പറഞ്ഞു .
വേദനിപ്പിക്കാതെ സൂക്ഷിച്ച് അണ്ണാന്‍ കുഞ്ഞിനെ കയ്യിലെടുത്ത് ജനലഴികളിലൂടെ നീട്ടിയപ്പോള്‍, തളര്‍ച്ച ബാധിക്കാത്ത കൈ കൊണ്ട് വാത്സല്യ പൂര്‍വ്വം അതിന്റെ നെറുകില്‍ തലോടി രാജുമ്മാമ ; സ്നേഹനിധിയായ ഒരു അച്ഛനെ പോലെ . എന്നിട്ട് പറഞ്ഞു : ‘അല്ലെങ്കില്‍ വേണ്ട . പാവം പോട്ടെ എങ്ങോട്ടെങ്കിലും.. കൂട്ടില്‍ കിടന്നു എന്നെ പോലെ ബോറടിച്ചു മരിക്കേണ്ടവനല്ല അവന്‍ ..” കണ്ണുകള്‍ ചിമ്മിയുള്ള പതിവു ചിരിയുണ്ടായിരുന്നില്ല അപ്പോള്‍ ആ മുഖത്ത് . പകരം, വിഷാദത്തിന്റെ നേര്‍ത്ത അലകള്‍ മാത്രം . അണ്ണാന്‍ കുഞ്ഞ് അപ്പോഴേക്കും മരത്തില്‍ ഓടിക്കയറിയിരുന്നു . കൃത്യം ഒരാഴ്ച കഴിഞ്ഞു രാജുമ്മാമ ഓര്‍മ്മയായി ; ഒരു ഇളം തൂവല്‍ പൊഴിയും പോലെ .
–രവിമേനോന്‍ (പൂര്‍ണേന്ദുമുഖി)
































