ബോളിവുഡിന്റെ ജാതകം തിരുത്തുമോ ഛാവ….ആദ്യ ദിനം 50 കോടി

Advertisement

വിക്കി കൗശല്‍-രശ്മിക മന്ദാന ചിത്രം ‘ഛാവ’ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ വച്ച് മികച്ച ഓപ്പണിങ് ആണ് ഛാവയ്ക്ക് ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി ആദ്യ ദിനം 50 കോടിയാണ് ഛാവ നേടിയിരിക്കുന്നത്.
ഇന്നലെ വാലന്റൈന്‍സ് ദിനത്തില്‍ തീയേറ്ററുകളില്‍ എത്തിയ ഛാവ ഇന്ത്യയില്‍ നിന്നും മാത്രം ആദ്യ ദിനം 33.1 കോടിയാണ് കളക്ഷന്‍ നേടിയത്. ഇതോടെ വിക്കിയുടെ കരിയറില്‍ തന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ഛാവ. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന വേഷമിട്ടത്.
ഒരു ഹിസ്റ്റോറിക് ഹിന്ദി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് എന്നാണ് നിര്‍മ്മാതാക്കളായ മഡോക് ഫിലിംസ് എക്സില്‍ കുറിച്ചത്. അക്ഷയ് കുമാറിന്റെ ‘സ്‌കൈ ഫോഴ്സി’നെയും മറികടന്നാണ് ആദ്യ ദിന കളക്ഷനില്‍ ഛാവ ബോളിവുഡില്‍ ചരിത്രം കുറിച്ചിരിക്കുന്നത്. 15.30 കോടി രൂപയാണ് സ്‌കൈ ഫോഴ്സിന്റെ ആദ്യ ദിന കളക്ഷന്‍.
ലക്ഷ്മണ്‍ ഉടേക്കര്‍ ആണ് ഛാവ സംവിധാനം ചെയ്തത്. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ചിത്രമായാണ് ഛാവ പ്രേക്ഷകരിലേക്കെത്തിയത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീല്‍ ഭൂപാലം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Advertisement