പബ്ജിയുടെ വിലക്ക് മാറി തിരികെ എത്തുന്നു

പ്രമുഖ ബാറ്റില്‍ റൊയാല്‍ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ വിലക്ക് മാറി തിരികെയെത്തുന്നു. ഗെയിം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഗെയിം നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ അറിയിച്ചു. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും ഗെയിം ഉടന്‍ തിരികെയെത്തുമെന്നാണ് വിവരം. 10 മാസം മുന്‍പ് കഴിഞ്ഞ ജൂലായിലാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഗെയിമിനെ ഇന്ത്യയില്‍ വിലക്കിയത്. അത് മുതല്‍ വിലക്ക് നീക്കാന്‍ ക്രാഫ്റ്റണ്‍ ശ്രമിക്കുകയാണ്.

ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ അഥവാ ബിജിഎംഐയെ നിരോധിച്ചത്. കഴിഞ്ഞ ജൂണിലാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹര്‍ജി സമര്‍പ്പിച്ചു. ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

2020 സെപ്തംബറില്‍ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യന്‍ പതിപ്പ് ഇവര്‍ പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു. ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.

Advertisement