ബിഗ്ബോസ്, ഓളമുണ്ടാക്കാന്‍ രണ്ട് വിശിഷ്ടാതിഥികള്‍ ഇനികാണാം കളി

അമ്ബത് ദിവസങ്ങള്‍ പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ 5 മുന്നേറുമ്പോള്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ട്വിസ്റ്റാണ് ബിഗ് ബോസ് കൊണ്ടുവന്നിരിക്കുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപിന്തുണ നേടിയ രണ്ടു മത്സരാര്‍ത്ഥികളെ ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുകയാണ്. രണ്ടാം സീസണില്‍ സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന്റെ പേരില്‍ പുറത്തായ രജിത് കുമാറും നാലാം സീസണില്‍ സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പുറത്തായ റോബിന്‍ രാധാകൃഷ്ണനുമാണ് വീടിനുള്ളില്‍ പ്രവേശിച്ചിരിക്കുന്നത്. ഇനി എന്തും സംഭവിക്കാം,അതാണ് പ്രേക്ഷകര്‍ നോക്കുന്നത്.

മുന്‍ സീസണുകളെ അപേക്ഷിച്ച് സീസണ്‍ 5ന് ചൂടുപോരെന്ന പരാതിയുണ്ട്, ഒഴുക്കന്‍ മട്ടിലൂടെ കടന്നുപോകുന്ന അഞ്ചാം സീസണിന് ഒരു ഉണര്‍വുണ്ടാക്കാനാണ് ഇവരുടെ വരവ്. ഈ ആഴ്ചയിലെ വീക്കിലി ടാസ്‌കിന്റെ ഭാഗമായിട്ടാണ് ഇവരെ വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ ആഴ്ച ബിഗ് ബോസ് വീട് ഒരു ഹോട്ടലായി മാറിയിരിക്കുകയാണ്. ഓരോ മത്സരാര്‍ത്ഥികള്‍ക്കും ഓരോ ചുമതകള്‍ നല്‍കിയിട്ടുണ്ട്. അവിടെ ഗസ്റ്റായിട്ട് എത്തിയിട്ടുള്ള രണ്ടു വിഐപികളാണ് രജിത് കുമാറും റോബിനും.

ബിഗ് ബോസ് വീട്ടിലേക്ക് എത്തും മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ റോബിനെ ഒരുപാട് വിമര്‍ശിച്ചിട്ടുള്ള ആളാണ് അഖില്‍ മാരാര്‍. ഇതിന് മറുപടിയുമായി റോബിന്‍ എത്തിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. അഖില്‍ മാരാര്‍ തിളങ്ങി നില്‍ക്കുന്ന വീട്ടിലേക്ക് റോബിന്‍ എത്തുമ്‌ബോള്‍ എന്താകുമെന്ന ആകാംഷ ആയിരുന്നു ആദ്യ പ്രോമോ വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക്. ഇവര്‍ തമ്മിലുള്ള ഒരു അംഗം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് കിട്ടിയത് എന്നാല്‍ അങ്ങനെ ഒന്നായിരുന്നില്ല.

ബിഗ് ബോസ് വീടിനുള്ളിലേക്ക് ഗസ്റ്റായി പ്രവേശിച്ച റോബിനെ കൈകൂപ്പി, ഷേക്ക് ഹാന്‍ഡ് നല്‍കിയാണ് അഖില്‍ മാരാര്‍ സ്വീകരിച്ചത്. വീടിനുള്ളില്‍ എത്തി പൊതുവെ എല്ലാം മത്സരാര്‍ത്ഥികളോടും സൗഹൃദപരമായി പെരുമാറിയ റോബിന്‍ അഖില്‍ മാരാറിനോടും അതേ രീതിയിലുള്ള സമീപനമാണ് സ്വീകരിച്ചത്. ഇവര്‍ പരസ്പരം കെട്ടിപിടിക്കുന്നതും പ്രേക്ഷകര്‍ക്ക് കാണാനായി. ഇപ്പോഴിതാ, അതിന് പിന്നാലെ ഒരു രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മുന്‍ സീസണിലെ മത്സരാര്‍ത്ഥിയായ ജാസ്മിന്‍ എം മൂസ.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെയും പപ്പുവിന്റെയും ചിത്രം വരുന്ന മീമാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്. പരസ്പരം കലഹിച്ചിരുന്നു ഇരുവരും ഇനി ഞങ്ങള്‍ ഒന്നാണ് എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്നതാണ് മീമ്. ബിഗ് ബോസ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്, യാഥാര്‍ഥ്യത്തില്‍ സംഭവിച്ചത് എന്ന അര്‍ത്ഥത്തിലാണ് ജാസ്മിന്റെ മീമ്. ഇത് റോബിനെയും അഖിലിനെയും കുറിച്ചാണ് എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

അതേസമയം ബിഗ് ബോസ് വീട്ടില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കാന്‍ പോയ രജിത് കുമാറും റോബിനും സൗഹൃദം സ്ഥാപിക്കുന്ന കണ്ടിട്ടാണോ പോസ്റ്റെന്നും സംശയമുണ്ട്. അതിനിടെ റോബിന്റെയും രജിത് കുമാറിന്റെയും വരവിന് ശേഷം ബിഗ് ബോസ് വീടിനുള്ളില്‍ രസകരമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്ന് മാരാരിനെ കൊണ്ട് റോബിന്‍ ഷോള്‍ഡര്‍ മസാജ് ചെയ്യിച്ചതാണ്. അതിനിടെയുള്ള ഇവരുടെ സംഭാഷണവും ശ്രദ്ധനേടിയിരുന്നു.

”തന്ത്രപരമായി എന്നെ കൊണ്ട് മസാജ് ചെയ്യിപ്പിക്കാന്‍ നോക്കുവാണല്ലേ. പോട്ടെ നമ്മടെ ചെക്കനല്ലേ. കത്തിക്കയറിയ ആളല്ലേ. അവനിട്ടൊരു പണി ഞാന്‍ എങ്ങനാ കൊടുക്കുന്നേ. അളിയന്‍ മനസില്‍ ചിന്തിച്ചാല്‍ നമ്മള്‍ മാനത്ത് ചിന്തിക്കുവേ. ഏത് എരണം കെട്ട നേരത്താണോ എന്തോ ഇത് ഹോട്ടലാക്കി മാറ്റിയത്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടമാണ് കേട്ടോ. നിങ്ങളുടെ ഉള്ളിലെ ആ തീ എനിക്ക് ഇഷ്ടമാണ്. ലൈഫില്‍ അച്ചീവ് ചെയ്യാനുള്ളൊരു ഓട്ടം’, എന്നൊക്കെയാണ് മാരാര്‍ റോബിനോട് പറഞ്ഞത്.

അതേസമയം, റോബിനെക്കാള്‍ ഏറെ വീട്ടില്‍ ചലനം സൃഷ്ടിക്കുന്നത് രജിത് കുമാര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഓരോ മത്സരാര്‍ത്ഥികളെയും വേണ്ട വിധം ചെറിയാനും ഗെയിമിനെ സമീപിക്കേണ്ട രീതിയെ കുറിച്ച് ഹിന്റ് നല്‍കാനുമൊക്കെ രജിത് ശ്രമിക്കുന്നുണ്ട്. വീക്കിലി ടാസ്‌ക് തീരുന്നവരെ മാത്രമാണ് ഇവര്‍ വീട്ടിലുണ്ടാവുക എന്നാണ് സൂചന. അതിനിടെ പലതും സംഭവിക്കാം ആ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Advertisement