മഞ്ജു അറിയാതെ എടുത്ത ആ ഫോട്ടോയുടെ കഥ

Advertisement

കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ് മഞ്ജു വാരിയരുടെ ഫുൾ സ്പ്ലിറ്റ് പോസ്. മഞ്ജു നൃത്തം അഭ്യസിക്കുന്നതിനിടയിലെടുത്ത ചിത്രമാണിതെന്നും അതല്ല വർക്കൗട്ട് ചിത്രമാണെന്നുമൊക്കെ പലരും പറയുന്നുണ്ടെങ്കിലും സത്യമിതൊന്നുമല്ലെന്നുള്ളതാണ് വാസ്തവം. തന്റെ പുതിയ ചിത്രത്തിനായുള്ള ഫൈറ്റ് സീൻ പരിശീലിക്കുന്നതിനിടയിലാണ് മഞ്ജു വാരിയർ പോലും അറിയാതെ രാജീവൻ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫർ ഇൗ ചിത്രം പകർത്തിയത്.

‘‘ഫൂട്ടേജ് എന്ന പുതിയ ചിത്രത്തിനായി സംഘട്ടന പരിശീലനത്തിലാണ് മഞ്ജു ചേച്ചി ഇപ്പോൾ. കള എന്ന ചിത്രത്തിന്റെ ഫൈറ്റ് കൊറിയോഗ്രാഫർ ഇർഫാൻ അമീറാണ് ഫൂട്ടേജിന്റെയും സംഘട്ടനം ഒരുക്കുന്നത്. ഒരു മാസത്തെ പരിശീലനമാണ് ചേച്ചിക്ക് ചിത്രത്തിനായി നൽകുന്നത്. ഇൗ പരിശീലനങ്ങൾ വിഡിയോ രൂപത്തിൽ ഞാൻ‌ പലപ്പോഴായി ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞ ഒരു ദിവസം പരിശീലനത്തിന്റെ ഇടവേളയിൽ ചേച്ചി സ്ട്രെച്ച് ചെയ്ത് ഇൗ പോസിൽ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു കൗതുകം തോന്നിയതിനാൽ ഞാൻ അപ്പോൾ തന്നെ അതു ക്യാമറയിൽ പകർത്തി. പിന്നീട് ചേച്ചിയെ കാണിച്ചപ്പോൾ അവർക്കും വലിയ സന്തോഷമായി. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെ ചിത്രം വൈറലുമായി.’’– രാജീവൻ പറഞ്ഞു.

മഞ്ജു ഈ ചിത്രം പങ്കു വച്ചതോടെ പ്രമുഖരടക്കം ഒരുപാട് പേരാണ് അഭിനന്ദനങ്ങളും പിന്തുണയുമായി എത്തിയത്. പലരും ചിത്രം പങ്കു വച്ചും കമന്റ് ചെയ്തും തങ്ങളുടെ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ‘ഫൂട്ടേജ്’ ഷൈജു ശ്രീധരൻ സംവിധാനം ചെയ്യുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന അവതരണ രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കാൻ പോകുന്നത്. ബിനീഷ് ചന്ദ്രനാണ് നിർമാണം.

Advertisement