നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റില്ലെന്ന് പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്’; രോഗാനുഭവം പറഞ്ഞ് നടി

Advertisement


തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് അനുഭവി​ക്കേണ്ടിവന്ന രോഗാവസ്ഥയെപ്പറ്റി തുറന്നുപറഞ്ഞ് നടി അനുശ്രീ. സിനിമയിൽ ശ്രദ്ധ നേടി വരുന്നതിനിടെ ഉണ്ടായ രോഗത്തെത്തുടർന്ന് ഇടക്കാലത്ത് അഭിനയം തന്നെ നിർത്തേണ്ടി വന്നേക്കുമോ എന്ന ആശങ്കയുണ്ടായിരുന്നതായും അവർ പറഞ്ഞു. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെയാണ് അനുശ്രീ മനസുതുറന്നത്.

‘ഇതിഹാസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്. ഒരു ദിവസം നടക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഒരു കൈയ്ക്ക് ബാലൻസ് ഇല്ലാത്തതു പോലെ തോന്നി. പിന്നെ അതങ്ങു മാറി. ഇതു ഇടയ്ക്കിടെ ഈ അവസ്ഥ റിപ്പീറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ഹോസ്പിറ്റലിൽ പോയി, ഡോക്ടറെ കണ്ടു, ചെക്കപ്പ് നടത്തി, എക്സ്റേ എടുത്തു. മൂന്നുനാലു മാസത്തോളം ചികിത്സയെടുത്തു. ഒരു എക്സ്‍ട്രാ ബോൺ എന്റെ ഷോൾഡറിന് അരികിലായി വളർന്നു വരുന്നുണ്ടായിരുന്നു. അതിൽ ഞരമ്പുകൾ ചുറ്റി ആകെ ഞെരുങ്ങിയ അവസ്ഥ. പൾസ് കയ്യിൽ കിട്ടില്ല എന്നൊരു അവസ്ഥ വരെ വന്നു. സർജറിയൊക്കെ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിഹാസ റിലീസിന് ഒരുങ്ങുന്ന സമയത്താണ് ഞാൻ ശസ്ത്രക്രിയ ചെയ്തത്. 8-9 മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അത്രയും നാൾ ഞാൻ ഒരു മുറിയുടെ അകത്തു തന്നെയിരുന്നു’-കണ്ണീരോടെയാണ് അനുശ്രീ ആ കാലം ഓർത്തെടുത്തത്.

‘ശരീരത്തിലെ ഒരു ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയ അനുഭവമാണത്. നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റില്ലെന്നു പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ അങ്ങനെയായപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഞാൻ ഫിസിയോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നിന്നും കോൾ വന്നത്’-അനുശ്രീ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. നടൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാർച്ച് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Advertisement