എന്താണീ കൊമ്പുഗൃഹം, ഒരു വമ്പന്‍ തെറ്റ് സ്റ്റേജിലെ സൂപ്പര്‍ ഹിറ്റാക്കി ഇന്നസെന്‍റ്

ഒരു തെറ്റു സ്റ്റേജിലെ സൂപ്പര്‍ ഹിറ്റാക്കിയ കഥയുണ്ട് ഇന്നസെന്റിന്. സ്റ്റേജ് പരിപാടികള്‍ ഗള്‍ഫില്‍ കത്തിക്കയറിത്തുടങ്ങുന്ന കാലം. 1992ല്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഗള്‍ഫില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പരമന്‍ പത്തനാപുരം എന്ന കാഥികനായാണ് ഇന്നസെന്റ് ഒരു തെറ്റ് നൂറാവര്‍ത്തിച്ചതും ഹിറ്റാക്കിയതും.

ആ കഥ ഇങ്ങനെ, സ്റ്റേജില്‍ മോഹന്‍ലാല്‍ നെടുമുടി എന്നിവര്‍. പഞ്ചായത്തിന്റെ പരിപാടിയാണ്.കഥ അവതരിപ്പിക്കാന്‍ കാഥികന്‍ പരമന്‍ പത്തനാപുരത്തെ ക്ഷണിക്കുകയാണ്. ഇന്നസെന്റ് വേദിയിലെത്തി. പൊന്നാട സ്വീകരിച്ചു. കഥ പറയാന്‍ തുടങ്ങി. കഥയുടെ പേര് അങ്ങനെയും ഒരോലപ്പുര, ഓലയാല്‍ മേഞ്ഞൊരു കൊമ്പുഗൃഹത്തിന്റെ കോലായില്‍ നിന്നൊരു കോമളാംഗി എന്ന പാട്ട് പാടി പരമന്‍ പിന്നീട് വര്‍ണന നടത്തുന്നു. കൊച്ചു ഗൃഹമാണ് ഇന്നസെന്റ് കൊമ്പുഗൃഹമെന്ന് പാടിയത്. പഴയലിപിയില്‍ ച്ച എന്ന് എഴുതുന്നത് മ്പ പോലെയാണ്.അതാണ് ഇന്നസെന്റിന് അബദ്ധം പറ്റിയത്. ഈ വലിയ പിഴവ് ആരും തിരുത്താനോ കൊമ്പുഗൃഹമെന്നു പറഞ്ഞാലെന്ത് അര്‍ഥമാണെന്ന് ചിന്തിക്കാനോ തര്‍ക്കിക്കാനോ പോയില്ല.

ഘടാഘടിയന്മാരായ മോഹന്‍ലാലിനെയും നെടുമുടിവേണുവിനെയും വേദിയിലിരുത്തി പരമന്‍ എന്ന ഇന്നസെന്റ് കൊമ്പുഗൃഹമെന്ന് തെറ്റ് പാ ടിക്കൊണ്ടിരുന്നു. ഈ രണ്ടുവരി മാത്രം പാടുന്നത് തുടര്‍ന്നപ്പോള്‍ മോഹന്‍ലാലും നെടുംമുടിയും ചേര്‍ന്ന് പരമനെ വേദിയിലിട്ട് കൈകാര്യം ചെയ്യുന്നതും കഥഎഴുതിയ പുസ്തകം എടുക്കാന്‍ മറന്നതാണെന്ന സത്യം പരമന്‍ കരഞ്ഞുപറയുകയും ചെയ്യുന്നതാണ് ഒടുക്കം.
ഈസ്റ്റ്‌കോസ്റ്റിന്റെ കാസെറ്റുകളിലൂടെയും പിന്നീട് ഇന്‌റര്‍നെറ്റിലും യു ട്യൂബിലും കൂടിയും ഇന്നസെന്റിന്റെ കൊമ്പുഗൃഹം മൂന്നുദശാബ്ദം കഴിഞ്ഞും ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരുന്നു, കഥഎഴുതിയ ബുക്ക് ന്ഷ്ടപ്പെട്ടപോലെ ആരും തിരുത്താതെ ഇന്നും അത് അവശേഷിക്കുന്നു.

Advertisement