‘അമ്മയുടെ ഈ അവസ്ഥ കണ്ടു നിൽക്കുക അത്ര എളുപ്പമല്ല, എല്ലാവരും പ്രാർഥിക്കണം’; വൈകാരിക കുറിപ്പുമായി ശിൽപ്പ ഷെട്ടി

ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടി കുറച്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ സർജറിയെ കുറിച്ച് ആലോചിച്ച് മനോവിഷമം അനുഭവിക്കുകയായിരുന്നു താരം. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സുനന്ദയുടെ സർജറി നടന്നത്. ഇപ്പോഴിതാ, അമ്മയുടെ സർജറി വിജയകരമായി പൂർത്തിയായെന്നും അവർ ഏറെ ശക്തയായ സ്ത്രീയാണെന്നും പറയുകയാണ് ശിൽപ.

സർജറിയുടെ കാരണം നടി വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടർ രാജീവ് ഭാഗവതിനെ പ്രശംസിച്ചാണ് ശിൽപ കുറിപ്പിട്ടിരിക്കുന്നത്. സുഷ്മിത സെന്നിനു ഹൃദയാഘാതം വന്നപ്പോൾ ചികിത്സിച്ചതും ഇതേ ഡോക്ടറായിരുന്നു. അമ്മ ആശുപത്രിയിൽ കിടക്കുമ്പോൾ മക്കൾക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും ശിൽപ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘അമ്മ സർജറിയിൽ കൂടി കടന്നു പോകുന്നത് കണ്ടു നിൽക്കുന്ന ഏതൊരു കുട്ടിയ്ക്കും ബുദ്ധിമുട്ടാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോൾ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്’-അമ്മയുടെ ഡോക്ടർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിച്ചു.

വളരെ നന്ദി, ഡോക്ടർ രാജീവ് ഭാഗവത്, അമ്മയെ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും നന്നായി പരിപാലിച്ചതിന്. നാനാവതിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും പരിചരണത്തിനും നിറഞ്ഞ ഹൃദയത്തോടെ നന്ദി. അമ്മ പൂർണമായി സുഖം പ്രാപിക്കുന്നതുവരെ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്ന് ശിൽപ തന്റെ ആരാധകരോടും അഭ്യർഥിച്ചു.

ശിൽപയുടെ സഹോദരി ഷമിത ഷെട്ടിയും കുറിപ്പിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. ‘അതെ നമ്മുടെ അമ്മ വളരെ ശക്തയാണ്’ എന്നാണ് ഷമിത കുറിച്ചത്. രവീണ ടാണ്ടൻ, ഫാറ ഖാൻ എന്നിവരും അമ്മ ആരോഗ്യത്തോടെ തിരിച്ചുവരാനുള്ള ആശംസകൾ കമന്റുകളായി പങ്കുവച്ചു.

Advertisement