ഓരോദിവസവും മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു,ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്, ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല മംമ്ത പറയുന്നു

Advertisement

വളരെ ബോള്‍ഡ് ആയ താരമാണ് നടി മംമ്ത മോഹന്‍ദാസ്, അര്‍ബുദം ബാധിച്ചപ്പോള്‍ സാധാരണ സെലിബ്രിറ്റികള്‍ ചെയ്യുംപോലെ ഉള്‍വലിയാനല്ല അവര്‍ ശ്രമിച്ചത്. അതിന്‍റെ പിടിയില്‍ പെട്ടപ്പോഴും അതില്‍ നിന്നും മോചിതയായി വരുന്നതിന്‍റെ സമയത്തും മറ്റ് രോധബാധിതര്‍ക്ക് ആത്മവിശ്വാസം പരത്തുന്ന നിലപാടായിരുന്നു മംമ്തയുടേത്. രോഗാവസ്ഥ ഒളിച്ചുവയ്ക്കുകയും പൊതു രംഗത്തുനിന്നും അപ്രത്യക്ഷമാവുകയും ചെയ്യാനല്ല അവര്‍ ശ്രമിച്ചത്.

അടുത്തിടെയാണ് തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം മംമ്ത വെളിപ്പെടുത്തിയത്. തന്‍റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒപ്പം രോഗാവസ്ഥയിലുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. രോഗത്തെ മറയ്ക്കാനുള്ള ശ്രമത്തിനിടയിൽ താൻ സ്വയം മറയ്ക്കപ്പെട്ടതായും താരം പറഞ്ഞു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താൻ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും മംമ്ത കൂട്ടിച്ചേർത്തു. ഇന്ത്യയും വിദേശവും തമ്മിലുള്ള ഒരു വ്യത്യാസവും താരം ചൂണ്ടിക്കാട്ടുകയാണ്.


രോഗം തന്നിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ മൂന്നു മാസങ്ങൾ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് താരം പറയുന്നു . ഓരോ ദിവസവും വെള്ളയായിക്കൊണ്ടിരിക്കുകയാണെന്നും ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണെന്നുമാണ് മംമ്ത പറഞ്ഞത്. തനിക്ക് ഇപ്പോൾ ബ്രൗൺ മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും നടി വ്യക്തമാക്കി . തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ .

അസുഖം കൂടുതലായതോടെ താൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ താൻ തന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. പക്ഷെ നാട്ടില്‍ വന്ന് പമ്പില്‍ ഇന്ധനം അടിക്കാന്‍ പോയപ്പോള്‍, തന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്. അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ലെന്നും മംമ്ത പറഞ്ഞു. ഇവരെ തിരുത്താനുമാവില്ല, സത്യത്തില്‍ വെള്ളപ്പാണ്ടിനെകുറിച്ച് പറയണമെന്ന് വിചാരിച്ചതല്ല, ആളുകളുടെ ചോദ്യവും വിലയിരുത്തലുംമൂലമാണ് ഞാനിത് തുറന്നു പറയുന്നത് മംമ്ത പറഞ്ഞു.

Advertisement