അന്ന് ‘സ്ഫടിക’ത്തിലെ സ്‌കൂള്‍ കുട്ടി; ഇന്ന് പ്രവാസി മലയാളിയായി ദുബായില്‍

സ്ഫടികം സിനിമ വീണ്ടും റിലീസിനെത്തുമ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നില്‍ ചെറിയവേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കഴിയുന്ന ഒരു പ്രവാസി മലയാളിയുണ്ട് ദുബായില്‍. തൃശ്ശൂര്‍ സ്വദേശി അനൂപ് മുരളിധരന്‍. സ്ഫടികം സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളില്‍ ക്ലാസിലെ കുട്ടികളില്‍ ഒരാളായാണ് വേഷമിട്ടത്.

വര്‍ഷമേറെക്കഴിഞ്ഞു. സ്ഫടികത്തില്‍ ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തിയത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ട് അനൂപിന്. സ്ഫടികം സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലാണ് അനൂപ് വേഷമിട്ടത്. ഏതാനും ഷോട്ടുകളിലേ ഉളളൂ എങ്കിലും ഷൂട്ടിങ്ങിനെത്തിയതും ഡയലോഗുകള്‍ പറഞ്ഞു തന്നതും അഭിനയിക്കേണ്ടതെങ്ങിനെയെന്ന് കാണിച്ചുതന്നതുമെല്ലാം കാലമിത്രകഴിഞ്ഞെങ്കിലും ഒളിമങ്ങാതെ അനൂപിന്റെ മനസ്സിലുണ്ട്.

പിന്നീട് ഒരു സിനിമയിലും വേഷമിട്ടിട്ടില്ല അനൂപ്. വര്‍ഷങ്ങളായി യുഎഇയില്‍ തന്നെയാണ് താമസം. പക്ഷേ അഭിനയിച്ച ഏക സിനിമ മലയാളത്തിലെഎക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നാണ് എന്ന സന്തോഷവും അഭിമാനവുമുണ്ട്. ചെകുത്താന്‍ ലോറിയുള്‍പ്പെടെ നേരിട്ട് കാണാന്‍ കഴിഞ്ഞല്ലോ എന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണെന്ന് അനൂപ് പറഞ്ഞു

അന്നത്തെ ഓരോ അനുഭവങ്ങളും മനസ്സിലെ വെളളിത്തിരയില്‍ ഇന്നുംതിളങ്ങിനില്‍ക്കുന്നുണ്ട്. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയുമെല്ലാം വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ എല്ലാവരെയും പോലെ ആവേശത്തിലാണ് അനൂപും.

Advertisement