ഞാൻ എന്നും ആഗ്രഹിച്ച സഹോദരി: നാത്തൂനെക്കുറിച്ച് കല്യാണി പ്രിയദർശൻ

Advertisement

സഹോദരന്റെ വിവാഹം ഏറെ സ്വകാര്യമായ ചടങ്ങിലാണ് നടത്തിയതെന്നും എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും കല്യാണി പ്രിയദർശൻ. താൻ ഒരുപാടിഷ്ടപ്പെടുന്ന മെലനിയെ സഹോദരിയായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കല്യാണി കുറിച്ചു. ജനുവരി മൂന്നിനാണ് പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ് പ്രിയദർശനും അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെർലിനും വിവാഹിതരായത്.

‘‘എന്റെ സഹോദരന്റെ വിവാഹം ഏറ്റവും അടുത്ത കുടുംബങ്ങൾ മാത്രമുൾപ്പെടുന്ന ഒരു സ്വകാര്യ ചടങ്ങിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്കേറെ പ്രിയപ്പെട്ട മെലനിയെ എന്റെ സഹോദരിയായി ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഞങ്ങളുടെ കുടുംബത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’’– കല്യാണി പ്രിയദർശൻ പറയുന്നു.

ചെന്നൈയിലെ ഫ്‌ളാറ്റിൽ നടന്ന വിവാഹ ചടങ്ങിൽ പ്രിയദർശനും ലിസിയും കല്ല്യാണിയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹമോചിതരായി അകന്നു താമസിക്കുന്ന ലിസിയും പ്രിയനും മകന്റെ വിവാഹത്തിന് ഒരുമിച്ചെത്തിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.

Advertisement