അപർണ ബാലമുരളിയോട് കോളജ് വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം, പരസ്യമായി പ്രതികരിച്ച് താരം

Advertisement

കൊച്ചി: നടി അപർണ ബാലമുരളിയോട് കോളജ് യൂണിയൻ ഉൽഘാടനവേദിയിൽ വച്ച് മോശമായി പെരുമാറി വിദ്യാർഥി. കയ്യിൽ ബലമായി പിടിച്ചു വലിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും ഇയാൾ വീണ്ടും അപർണയുടെ തോളിൽ പിടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. തങ്കം സിനിമയുടെ പ്രമോഷനായി ലോ കോളജിൽ എത്തിയതായിരുന്നു താരം. അപർണയോടൊപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ടായിരുന്നു.

അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ അടുത്തെത്തിയ വിദ്യാർഥി അപർണയുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. താരത്തിന്റെ മുഖത്ത് അനിഷ്ടം പ്രകടമായത് വിഡിയോയിൽ വ്യക്തമായി ദൃശ്യമാണ്. വീണ്ടും യുവാവ് അപർണയുടെ തോളിൽ കയറി പിടിക്കുകയും അപർണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്. വിദ്യാർഥിയിൽ നിന്നുണ്ടായ പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാർഥികളിലൊരാൾ പിന്നീട് വേദിയിൽ വച്ചുതന്നെ അപർണയോട് ക്ഷമ പറഞ്ഞു.

തുടർന്ന് യുവാവ് വീണ്ടും എത്തുകയും താൻ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ കൈകൊടുക്കാതെ വിനീത്, കുഴപ്പമില്ല പോകൂ എന്നാണ് വിദ്യാർഥിയോട് പറഞ്ഞത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് അപർണയെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തുവരുന്നത്. പ്രതികരിച്ച് കുറച്ച് കുറഞ്ഞുപോയെന്ന് പറയുന്നുവരുമുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ നിന്ന അപർണയ്ക്ക് കയ്യടികളെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

Advertisement