ആഘോഷ യാത്ര; ചിത്രങ്ങൾ പങ്കിട്ട് ആസിഫ് അലി

Advertisement

കൂമനും കാപ്പയും സമ്മാനിച്ച വലിയ വിജയത്തിന്റെ സന്തോഷം, കൂടെ പുതുവർഷവും. ആഘോഷിക്കാൻ വേറെ എന്തു വേണം? ആസിഫ് അലി ആംസ്റ്റർഡാമിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിൽ ആ ആഹ്ളാദത്തിന്റെ തിരയിളക്കം കാണാം. ഭാര്യ സമയ്ക്ക് അരികിൽ ചേർന്നിരുന്നു ചിരിക്കുന്ന ആസിഫിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘കെട്ട്യോളാണെന്റെ മാലാഖ’ യ്ക്കു ശേഷം ഒരുപിടി സിനിമകൾ താരത്തിന്റേതായി പുറത്തുവന്നെങ്കിലും ഒരു തീയേറ്റർ ഹിറ്റ് ഉണ്ടായിരുന്നില്ല. ആ കുറവ് പരിഹരിച്ച ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തുവന്ന കൂമൻ. തുടർന്നിറങ്ങിയ കാപ്പയിലെ നടന്റെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ”നിങ്ങൾ ആംസ്റ്റർഡാമുമായി പ്രണയത്തിലായെങ്കിൽ കൈ ഉയർത്തൂ, അനുഗ്രഹീതനായിരിക്കുന്നു” എന്നാണ് ആസിഫ് ചിത്രത്തിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജിസ് ജോയ്, ഗണപതി തുടങ്ങിയവർ താഴെ കമെന്റുമായും എത്തിയിട്ടുണ്ട്.

നെതർലൻഡിന്റെ തലസ്ഥാന നഗരമായ ആംസ്റ്റർഡാമിനു ഒരുകാലത്തു ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമെന്ന ഖ്യാതിയുണ്ടായിരുന്നു. ഇപ്പോഴും പഴയ പ്രൗഡിയ്ക്കു ഒട്ടും കുറവില്ലാത്ത ഇവിടുത്തെ കാഴ്ചകളിലേക്ക് ലോകമെമ്പാടും നിന്നും ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. കലയും ചരിത്രവും സംഗമിക്കുന്ന ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയം, ക്യൂക്കൻ ഹോഫ് എന്ന അതിമനോഹര ഉദ്യാനം, ഡാം സ്‌ക്വയർ, റോയൽ പാലസ്, കനാലിലൂടെയുള്ള ബോട്ട് യാത്ര എന്നുതുടങ്ങി അതിഥികളായി എത്തുന്നവർക്ക് എക്കാലവും ഓർമ്മിക്കാൻ തക്ക വിഭവങ്ങളെല്ലാം ഇവിടെയുണ്ട്. പിന്നെയുമുണ്ട് ആംസ്റ്റർഡാമെന്നു കേൾക്കുമ്പോഴേ ഓർമയിലെത്തുന്ന സൈക്കിളുകൾ, ട്രാമുകൾ, നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും ശോഭയൊട്ടും ചോരാത്ത കെട്ടിടങ്ങൾ അങ്ങനെ നിരവധി നിരവധി കാഴ്ചകൾ..

ചരിത്രവും അതിനൊപ്പം തന്നെ കലയും, കണ്ണുകൾക്ക് മുമ്പിൽ വിസ്മയം സൃഷ്ടിക്കും വാൻഗോഗ് മ്യൂസിയത്തിനുള്ളിലേയ്ക്ക് കാലെടുത്തു വെക്കുമ്പോഴേ. അപൂർവമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ധാരാളം ചിത്രങ്ങൾ ഇവിടെ കാണുവാൻ കഴിയും. നൂറ്റാണ്ടുകൾക്കു മുൻപ് ഇത്രയും വൈവിധ്യം നിറയുന്ന ചിത്രങ്ങൾ എങ്ങനെ വരച്ചുവെന്നു ആശ്ചര്യപ്പെടുത്തുന്ന കലാസൃഷ്ടികൾ മ്യൂസിയത്തിലുണ്ട്. ആൻ ഫ്രാങ്കിന്റെ ഓർമകളും ഡയറി കുറിപ്പുകളും പ്രശസ്തമാക്കിയ അവരുടെ ഒളിസങ്കേതമായ ഭവനമിന്നു ആൻ ഫ്രാങ്ക് മ്യൂസിയമാണ്. പിന്നെയുമുണ്ട് കലാപാരമ്പര്യം വിളിച്ചോതുന്ന റിജിക് മ്യൂസിയം, ലോകത്തിലെ ആദ്യ ഫ്ലൂറസെന്റ് മ്യൂസിയമെന്നു പേരുള്ള ഇലക്ട്രിക് ലേഡി ലാൻഡ്, ഹൗസ് ബോട്ട് മ്യൂസിയം തുടങ്ങി ആംസ്റ്റർഡാം എന്ന നഗരത്തിനെ കുറിച്ച് ഒന്നുമറിയാതെ എത്തുന്ന സന്ദർശകനു ഒരു ഗവേഷണ ഗ്രന്ഥം എഴുതാനുള്ളത്രയും വിവരങ്ങൾ സമ്മാനിക്കുന്ന അമ്പതിലേറെ മ്യൂസിയങ്ങൾ ഇവിടെയുണ്ട്.

ആംസ്റ്റർഡാം നഗരത്തിന്റെ ഹൃദയമെന്നു വിശേഷിപ്പിക്കാം ഡാം സ്ക്വയറിനെ. രാജഭരണകാലത്തിന്റെ ഓർമകളുമായി നിലകൊള്ളുന്ന റോയൽ പാലസ്, രണ്ടാം ലോക യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികരുടെ ഓർമയ്ക്കായി നിർമിച്ചിട്ടുള്ള വാർ മെമ്മോറിയൽ, കൂടാതെ നഗരത്തിനു സംഗീതത്തിന്റെ താളം നൽകുന്ന തെരുവ് ഗായകർ, നിറയെ കോഫി ഷോപ്പുകൾ, തനതു വിഭവങ്ങൾവിളമ്പുന്ന ഭക്ഷ്യശാലകൾ തുടങ്ങി ധാരാളം കാഴ്ചകൾ സന്ദർശകരെ നഗര മധ്യത്തിലെത്തിക്കുന്നു. എണ്ണിയാൽ തീരാത്തത്രയും ടുലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ക്യൂക്കൻ ഹോഫ് ഉദ്യാനവും ലക്ഷകണക്കിന് സൈക്കിളുകൾ നിറയുന്ന നഗരവീഥികളും കാണുന്നവരിൽ കൗതുകമുണർത്തും.

സിറ്റി ഓഫ് സിൻസ്, പാപങ്ങളുടെ നഗരം എന്നൊരു പേരുകൂടി ആംസ്റ്റർഡാമിനുണ്ട്. എങ്ങനെ ആ പേര് കിട്ടിയെന്നല്ലേ…മയക്കുമരുന്ന് വിൽക്കുന്ന കോഫീഷോപ്പുകൾ, ചൂതാട്ട കേന്ദ്രങ്ങൾ, ചുവന്ന തെരുവുകൾ എന്നിവയെല്ലാമുള്ള മറ്റൊരു മുഖം കൂടി ഈ നഗരത്തിനുണ്ട്. നിയമവിധേയമായി തന്നെയാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ഈ തിന്മകൾക്ക് അപ്പുറത്തു നന്മയും കലയും ചരിത്രവും സംഗീതവും നിറയുന്ന കാഴ്ചകളും കൊണ്ടാണ് ആംസ്റ്റർഡാം ഓരോ അതിഥിയെയും സ്വീകരിക്കുന്നത്.

Advertisement