നന്ദി: ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്

Advertisement

ഭാര്യ ഷേമയ്ക്ക് പ്രണയപൂർവം വിവാഹവാർഷിക ആശംസ നേർന്ന് നടൻ അനൂപ് മേനോൻ. തന്റെ മണ്ടത്തരങ്ങളും ഭ്രാന്തും സഹിച്ചതിനും തന്റെ സാഹസികയാത്രയിൽ സഹയാത്രികയായതിനും ഭാര്യയോടു നന്ദിയുണ്ടെന്ന് അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അനൂപ് മേനോന്റെ കുറിപ്പ്:

‘‘ഊഷ്മളമായ വിവാഹവാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി. എന്റെ വലിയ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കൾക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്, എന്റെ സാഹസികയാത്രകളിൽ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകൾക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഏറ്റവും പ്രധാനമായി എന്നെ ഞാൻ ആകാൻ അനുവദിച്ചതിന്, എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങൾക്ക്, ഒരുപാടൊരുപാട് സ്നേഹം.’’

ഏറെ നാളത്തെ അടുപ്പത്തിനൊടുവിൽ 2014 ഡിസംബര്‍ 27 നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. വളരെ ലളിതമായി ആർഭാടങ്ങളില്ലാതെ നടന്ന ചടങ്ങിൽ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. അനൂപിന്റെയും ഷേമയുടെയും എട്ടാം വിവാഹവാർഷിക ദിനമാണ് ഇന്ന്.

Advertisement