ബേസിൽ ജോസഫിനെ പ്രശംസിച്ച് മോഹൻലാൽ

Advertisement

കൊച്ചി: ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്.

സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ പുരസ്കാരനേട്ടം സ്വന്തമാക്കിയത്. ബേസിൽ തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘‘സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ, പതിനാറ് രാജ്യങ്ങളിൽ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്

ഈ ലഭിച്ച പുരസ്‌കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ലിക്‌സ്, സിനിമയിലെ അഭിനേതാക്കൾ, എഴുത്തുകാർ, സിനിമോട്ടോഗ്രാഫർ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സൂപ്പർ ഹീറോ ഉണ്ടാവില്ലായിരുന്നു.’’ ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertisement