ഓസ്കാർ സാധ്യതാ പട്ടികയിൽ നിറഞ്ഞ് ‘ആർആർആർ’

ന്യൂയോർക്ക്: എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ഓസ്കാർ നേടിയേക്കുമെന്ന് പ്രവചന റിപ്പോർട്ടുകൾ.

അമേരിക്കൻ മാഗസിൻ വെറൈറ്റി പുറത്തുവിട്ട ഓസ്കാർ സാധ്യതാ പട്ടികയിൽ ആണ് ചിത്രത്തിന്റെ പേരുള്ളത്. അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസിൻ പ്രവചിക്കുന്നത്.

മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയർ എൻടിആറിനും രാം ചരണുമാണ്. ആര് അവാർഡ് സ്വന്തമാക്കുമെന്ന ചർച്ചയും പോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ.

1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടെക്നിക്കൽ ബ്രില്ല്യൻസ് കൊണ്ടും ചിത്രീകരണ മികവുകൊണ്ടും അഭിനയം കൊണ്ടും ആർആർആർ കൈയ്യടി നേടിയിരുന്നു.

Advertisement