ഇപ്പോഴും ഭക്ഷണം വാരിതരുന്ന അമ്മ; വീഡിയോയുമായി മാളവിക ജയറാം

ചെന്നൈ: മക്കളെത്ര വളർന്നാലും അച്ഛനമ്മമാരെ സംബന്ധിച്ച് അവരെന്നും കുട്ടികളാണ്. ജയറാമിന്റെയും പാർവതിയുടെയും മകളായ മാളവിക ഷെയർ ചെയ്ത ഒരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്നേഹത്തോടെ ഭക്ഷണം ഉരുളയാക്കി മാളവികയ്ക്ക് നേരെ നീട്ടുന്ന പാർവതിയെ ആണ് വീഡിയോയിൽ കാണാനാവുക.

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയതാരം പാർവതി. അടുത്തിടെ ഒരു പരിപാടിയിൽ റാംപിൽ നടന്ന പാർവതിയേയും മലയാളികൾ കണ്ടു. മക്കളായ കാളിദാസിന്റെയും മാളവികയുടെയും പോസ്റ്റുകളിലൂടെയും സമീപകാലത്തായി വന്ന ചില അഭിമുഖങ്ങളിലൂടെയുമാണ് മലയാളികൾ പാർവതിയുടെ വിശേഷങ്ങൾ അറിയുന്നത്.

ജയറാമിനെയും പാർവതിയേയും കാളിദാസനെയും പോലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവികയും. ‘മായം സെയ്തായ് പൂവേ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. അധികം വൈകാതെ മാളവികയെ സിനിമയിലും കാണാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഉടനെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ മാളവിക അടുത്തിടെ നൽകിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു.

മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും മാളവികയ്ക്ക് ഓഫർ വന്നിരുന്നുവെന്നാണ് ജയറാം പറയുന്നത്. “അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളി വന്നത് ചക്കിയ്ക്കു വേണ്ടിയാണ്. അനൂപ് മദ്രാസിൽ വന്നു ചക്കിയോട് കഥ പറഞ്ഞു, കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി ഞാൻ സിനിമ ചെയ്യാൻ റെഡിയായിട്ടില്ല എന്നു പറഞ്ഞ് ചക്കി ഒഴിഞ്ഞുമാറുകയായിരുന്നു. ആ വേഷമാണ് പിന്നീട് കല്യാണി പ്രിയദർശൻ ചെയ്തത്.”

https://www.instagram.com/tv/Chw178hBQS5/?utm_source=ig_web_copy_link

“ജയം രവിയും അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു, ചക്കി വരുന്നോ? എന്ന്. ജയം രവിയ്ക്ക് ഒക്കെ ചക്കിയെ ചെറുപ്പം മുതൽ അറിയാം. ഇപ്പോൾ തമിഴിലും തെലുങ്കിലുമൊക്കെയായി കഥകൾ കേൾക്കുന്നുണ്ട്, ഉടനെ തന്നെ ഏതെങ്കിലും ഫിക്സ് ചെയ്യുമായിരിക്കും. ഈ വർഷം തന്നെ മിക്കവാറും ചക്കിയുടെ അരങ്ങേറ്റമുണ്ടാവും,” ജയറാം കൂട്ടിച്ചേർത്തു.

പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ തുളി, നടൻ സൗരഭ് ഗോയൽ എന്നിവരും മാളവികയ്ക്കൊപ്പം പങ്കെടുത്തിരുന്നു.

Advertisement