വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍ എന്ന ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇത്ര അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് ബഹിഷ്‌കരണ ആഹ്വാനം. ഇതു മാത്രമല്ല മറ്റുപല കാര്യങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്.
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. വിജയ്‌നോട് പ്രശ്‌നമൊന്നും ഇല്ലെന്നും പക്ഷേ സിനിമ കണ്ടാല്‍ കരണ്‍ ജോഹറിന്റെ കയ്യിലേക്ക് പൈസ പോകും എന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു വിഭാഗം ബോയ്‌കോട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണ നീക്കം.