കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. നിലവിലെ റിലീസിങ് കൂടാതെ യുകെയിലും അയര്‍ലന്‍ഡിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി പുറത്തിറക്കിയ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇപ്പോള്‍ വൈറലാവുകയാണ്
വിവാദമായി മാറിയ പോസ്റ്ററിനു സമാനമായാണ് ഈ പോസ്റ്ററും എത്തിയത്. കേരളത്തിലെ റിലീസിന് മുന്‍പ് തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യുകെയിലും അയര്‍ലന്‍ഡിലും ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഈ വാചകം അങ്ങ് മാറി. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ’ എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യവാചകം. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വീണ്ടും ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷന്‍ ചര്‍ച്ചയാവുകയാണ്. ഇതിനോടകം 25 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍.