മുംബൈ: മറ്റൊരു താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. നടി റിച്ച ഛദ്ദയും നടനും മോഡലുമായ അലി ഫസലുമാണ് വിവാഹിതരാവുന്നത്. 2021ൽ വിവാഹിതരാവാനിരുന്നതാണ് ഇരുവരും.

എന്നാൽ കൊവിഡ് മഹാമാരിയെത്തുടർന്ന് ഇത് നീളുകയായിരുന്നു. എന്നാൽ വിവാഹം ഈ വർഷം തന്നെയുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് റിച്ച ഛദ്ദ.

ഞങ്ങൾ ഈ വർഷം തന്നെ വിവാഹിതരാവും. ഞങ്ങളെ സംബന്ധിച്ച്‌ ആവേശമുണ്ടാക്കുന്ന ഒന്നാണ് അത്. അതേസമയം കൊവിഡ് സാഹചര്യം പൂർണ്ണമായും ഒഴിവാത്തതിനാൽ ഞങ്ങൾക്ക് ആശങ്കയുമുണ്ട്. അതിനാൽ ആ ഉത്തരവാദിത്തം ഞങ്ങൾ കാട്ടേണ്ടതുണ്ട്. തെറ്റായ കാരണങ്ങളുടെ പേരിൽ ഞങ്ങൾക്ക് വാർത്തയിൽ ഇടം പിടിക്കണമെന്നില്ല. മറ്റൊരു കാര്യം ഞങ്ങളുടെ തിരക്കാണ്. മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പുനരാരംഭിച്ചതോടെ ഞങ്ങൾ ഇരുവരും വലിയ തിരക്കുകളിലാണ്. അതിനാൽത്തന്നെ രണ്ടുപേരുടെയും സമയം നോക്കി വേണം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ, റിച്ച ഛദ്ദ പറഞ്ഞു.

സെപ്റ്റംബറിലാവും ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങുകൾ മുംബൈയിലും ദില്ലിയിലുമായി ആവും നടക്കുക. ഇരുവരുടെയും കുടുംബാംഗങ്ങൾ ദില്ലിയിലായതിനാൽ പ്രധാന വിവാഹ ചടങ്ങുകൾ അവിടെവച്ചു തന്നെയാവും നടക്കുക. സെപ്റ്റംബർ അവസാന വാരത്തിലാവും ഇത് നടക്കുക. മുംബൈയിലെ സത്കാര ചടങ്ങുകൾ ഒക്ടോബർ ആദ്യ വാരവും നടക്കും. വിവാഹത്തിനു മുൻപ് സംഗീത്, മെഹന്ദി ചടങ്ങുകളൊക്കെ ഉണ്ടാവും. മുംബൈ വേദിയാവുന്ന വിവാഹ വിരുന്നിൽ 350- 400 പേർക്ക് ക്ഷണമുണ്ടാവും. അതിഥികൾക്ക് സേവ് ദ് ഡേറ്റ് ക്ഷണക്കത്തുകൾ വൈകാതെ അയക്കും.