വ്യാഴവും ശുക്രനും ഒരുമിച്ച്, അപൂർവം ഈ ആകാശക്കാഴ്ച

പ്രപഞ്ചത്തിലെ ഓരോ കാഴ്ചയും ഭൂയിലുള്ളവർക്ക് എന്നും വിസ്‍മയമാണ്. കഴിഞ്ഞ ദിവസങ്ങളിലും അത്തരമൊരു ആകാശക്കാഴ്ച കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദൃശ്യമായി. ഇതിന്റെ ചിത്രങ്ങൾ നിരവധി മലയാളികളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ വ്യാഴവും ശുക്രനും അടുത്തടുത്ത് വരുന്നത് അപൂർവ കാഴ്ച തന്നെയാണ്.

ശുക്രൻ, വ്യാഴം ഒരുമിച്ച് വരുന്ന കാഴ്ച കാണാമെന്ന് ശാസ്ത്ര‌ജ്ഞർ നേരത്തേ അറിയിച്ചിരുന്നു. തിളക്കമുള്ള ഗ്രഹങ്ങളായതിനാൽ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾകൊണ്ട് നേരിട്ട് കാണാമായിരുന്നു. രണ്ടു ഗ്രഹങ്ങൾ തമ്മിൽ ഏകദേശം 400 മൈൽ അകലമുണ്ടെങ്കിലും ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഏറെ അടുത്തിരിക്കുന്നതായി തോന്നും. തെളിഞ്ഞ ആകാശമാണെങ്കിൽ വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെയും കാണാമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.

‍മാർച്ച് 1ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ശുക്രൻ വ്യാഴത്തിനടുത്തേക്ക് നീങ്ങിത്തുടങ്ങിയത്. എന്നാൽ, സൂര്യാസ്തമയത്തിന് ശേഷം മാത്രമാണ് കൃത്യമായി കാണാനും ദൃശ്യങ്ങൾ പകർത്താനും സാധിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാർച്ച് 2നും ഈ അപൂർവ കാഴ്ച കാണാം. ഇങ്ങനെ രണ്ട് ഗ്രഹങ്ങൾ തൊട്ടടുത്തു വരുന്നത് പോലെ കാണുന്നതാണ് ‘ഗ്രഹ സംയോഗം’ ( Planet Conjunction ) എന്ന് പറയുന്നത്.

Advertisement