കറികളിൽ ഉപ്പ് കൂടിയോ; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കുന്ന ഒഴിച്ചു കറികളിൽ ഉപ്പ് കൂടിയാൽ അത് കുറയ്ക്കുവാനുള്ള ചില വഴികൾ ഏതൊക്കെയെന്നു നോക്കാം.

രണ്ട് ടേബിൾ സ്പൂൺ മൈദ / ഗോതമ്പു പൊടി കുഴച്ചു ചെറിയ ഉരുളകളാക്കി കറികളിൽ ഇട്ടു 15 മുതൽ 20 മിനിറ്റ് വരെ തിളപ്പിക്കുക. അത് കഴിഞ്ഞു എടുത്തു മാറ്റുക. കൂടുതൽ ഉള്ള ഉപ്പ്, എരിവ് എന്നിവ ഈ ഉരുളകൾ വലിച്ചെടുക്കുവാൻ സഹായിക്കും

കുറച്ചു അണ്ടിപരിപ്പ് എടുത്ത് വെള്ളത്തിൽ കുതിർക്കുക. അധികം പുളിയില്ലാത്ത തൈര് 1 ടേബിൾ സ്പൂണും ഈ അണ്ടിപരിപ്പും ചേർത്തു നന്നായി അരച്ച് അത് കറികളിൽ ചേർത്തു കൊടുത്താൽ ഉപ്പ് കുറയുകയും കറിക്കു രുചിയും കട്ടിയും കൂടുകയും ചെയ്യും. തൈരിന് പകരമായി 1 ടേബിൾ സ്പൂൺ തേങ്ങയും അരച്ച് ചേർക്കാവുന്നതാണ്.

ഫ്രഷ് ക്രീം, കുറച്ചു ഫ്രഷ് ക്രീം കറിയിൽ യോജിപ്പിച്ചാൽ ഉപ്പ് കുറയുകയും ടേസ്റ്റ് കൂടുകയും ചെയ്യും.

ഉരുളക്കിഴങ്ങു തോൽ കളഞ്ഞു കഴുകിയ ശേഷം കുറച്ചു വലിയ കഷ്ണങ്ങളാക്കി കറികളിൽ ഇട്ടു 15 മിനിറ്റു തിളപ്പിക്കുക. അത് കഴിഞ്ഞു ആ ഉരുളക്കിഴങ്ങു കഷണങ്ങൾ എടുത്തു മാറ്റുക. കറികളിൽ അധികം ഉള്ള ഉപ്പ് ഉരുളക്കിഴങ്ങു വലിച്ചെടുത്തിരിക്കും.

തൈര്, അധികം പുളിയില്ലാത്ത തൈര് ഉണ്ടെങ്കിൽ അത് കറികളിൽ ചേർത്ത് ഒന്ന് തിളപ്പിച്ചാൽ കറിക്കു ടേസ്റ്റ് കൂടുകയും ഉപ്പ് കുറയ്ക്കുവാനും സഹായിക്കും.

വേവിച്ച ഉരുളക്കിഴങ്ങു പൊടിച്ചു ചേർത്താൽ കറിയുടെ ഉപ്പ് കുറയുകയും കറിയുടെ കട്ടിയും ടേസ്റ്റും കൂടുകയും ചെയ്യും.

ഒരു ടേബിൾ സ്പൂൺ അരിപ്പൊടി വെള്ളത്തിൽ കലക്കി കറിയിൽ ചേർത്ത് തിളപ്പിക്കുക. കറിക്ക് കൊഴുപ്പും ടേസ്റ്റും കൂട്ടുവാനും ഉപ്പ് കുറക്കുവാനും ഇത് സഹായിക്കും

Advertisement