പ്രായത്തെ തടയാൻ കഴിയില്ലെങ്കിലും ചർമ്മത്തിലെ ചുളിവുകളും പാടുകളുമകറ്റാനും ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനും ചർമ്മ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകാം.

അത്തരത്തിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…

ഒന്ന്…മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പൾപ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം പത്ത് മിനിറ്റ് മുഖം മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങൾ നീക്കം ചെയ്യാനും മുഖം തിളങ്ങാനും ഇത് സഹായിക്കും.

രണ്ട്…ഒരു ടീസ്പൂൺ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂൺ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകൾ, കരുവാളിപ്പ് എന്നിവ മാറാനും ചർമ്മം തിളങ്ങാനും ഇത് സഹായിക്കും.

മൂന്ന്… മുഖത്തെ ചുളിവുകൾ അകറ്റാൻ കോഫി സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്…ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ എന്ന് എല്ലാവർക്കും അറിയാം. മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

അഞ്ച്…മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും ചർമ്മം തിളങ്ങാനും തൈര് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി തൈര് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.