അറിവിന്റെ ചതുരംഗ കളിയില്‍ലോകം കീഴടക്കിയ ഭസ്മക്കുറിയിട്ട ബാലന്‍

    Advertisement

    ലോക ചെസ്സ് ചാമ്പ്യന്‍ പട്ടം സ്വന്തം പേരിലെഴുതിയ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്‌നാനന്ദയുടെ ചരിത്ര വിജയം സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ കൊണ്ടാടുകയാണ്. മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലെ അവസാന റൗണ്ടില്‍ റാപ്പിഡ് വിഭാഗത്തില്‍ മൂന്ന് തവണ ചാമ്പ്യനും അഞ്ചു തവണ ബ്ലിറ്റ്‌സ് ചാമ്പ്യനുമായ മാഗ്നസ് കാള്‍സനെ അട്ടിമറി ജയത്തിലൂടെ പരാജയപ്പെടുത്തിയാണ് ചെന്നൈക്കാരനായ ഈ പതിനേഴുകാരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
    16-ാം വയസ്സിലാണ് പ്രഗ്‌നാനന്ദ ആദ്യമായി കാള്‍സണെ പരാജയപ്പെടുത്തുന്നത്. അന്ന് തന്നെ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു കാള്‍സണ്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഓള്‍ലൈന്‍ റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പായ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സിലായിരുന്നു കാള്‍സണ്‍ പ്രഗ്‌നാനന്ദയോട് പരാജയപ്പെട്ടത്. മെയ് 20ന് ചെസ്സബിള്‍ മാറ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ വീണ്ടും പ്രഗ്‌നാനന്ദ ഞെട്ടിച്ചു. ഒരേ വര്‍ഷം തന്നെ ലോക ഒന്നാം നമ്പറുകാരമായ നോര്‍വെ താരത്തിന് ഒരു കൗമാരക്കാരന് മുമ്പില്‍ രണ്ടാമതും തോല്‍വി രുചിക്കേണ്ടി വന്നു.
    ഇന്ത്യയുടെ അഭിമാനമായ ദ്രാവിഡ മണ്ണിന്റെ വീറും വൈഭവവും ഉള്‍ച്ചേര്‍ന്ന ബുദ്ധിശക്തിയും, കേളി മികവും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന, അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടായി മാറിക്കഴിഞ്ഞ ഈ പതിനേഴു വയസ്സുകാരന്‍ പയ്യന്റെ ജയത്തെ ആരാധകര്‍ ഫെയ്‌സ് ബുക്കിലൂടെയും മറ്റും വിവരിക്കുന്നത് ഇപ്രകാരമാണ്.

    ‘എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളില്‍ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാന്‍ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കാന്‍ ഞാന്‍ ഇല്ല.’
    2013 മുതല്‍ തുടര്‍ച്ചയായി ലോക ചെസ്സ് ചാമ്പ്യന്‍ ആയിക്കൊണ്ടിരിക്കുന്ന മാഗ്‌നസ് കാള്‍സന്‍ പറഞ്ഞതാണ് മുകളില്‍ ഡബിള്‍ ഇന്‍വെര്‍ട്ടഡ് കോമയില്‍ ഉള്ളത്.

    പിന്നീടുണ്ടായത് ചരിത്രം….

    ഭാരതത്തില്‍ നിന്നുള്ള ഒരു 17 കാരന്‍ പയ്യന്‍ ശ്രീ പ്രഗ്നാനന്ദ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ കാള്‍സനെ അട്ടിമറിച്ചപ്പോള്‍ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റില്‍ തന്നെയിരുന്ന കാള്‍സന്‍ പറഞ്ഞതാണ് താഴെ, ഡബിള്‍ ഇന്‍വെര്‍ട്ടഡ് കോമയില്‍ ഉള്ളത്.

    ”ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടര്‍ച്ചയായ ഈ മൂന്നു തോല്‍വികള്‍ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്ക് ഉറങ്ങാന്‍ സാധിക്കില്ല”

    അഭിനന്ദനങ്ങള്‍ മോനേ…..
    കളിക്കാന്‍ നല്ല എതിരാളികള്‍ ഇല്ലാത്തതുകൊണ്ട് കളി നിര്‍ത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്ക് തള്ളിവിട്ടതിന്… എതിരാളികളില്‍ നിന്നും തനിക്ക് പ്രചോദനമൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞ ലോകചാമ്പ്യന് പ്രചോദനം കൊടുത്തതിന്… ഒരു എതിരാളിയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിന്… മുഴുവന്‍ ഭാരതീയരുടെയും അഭിമാനമായി മാറിയതിന്…

    Advertisement